നോർത്ത് കരോളീന: കോപ അമേരിക്കയിലെ ഉറുഗ്വായ്-കൊളംബിയ സെമി ഫൈനൽ മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ സംഘർഷം. ഉറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് സംഘർഷമുണ്ടായത്. ഉറുഗ്വായ് സ്ട്രൈക്കർ ഡാർവിൻ നുയിസ് കൊളംബിയൻ ആരാധകരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിന് പിന്നാലെ കൊളംബിയൻ കാണികളുടെ ഭാഗത്ത് നിന്ന് തങ്ങൾക്കും കുടുംബാംഗങ്ങൾക്കും നേരെ അക്രമണോൽസുകമായ പെരുമാറ്റമുണ്ടായെന്ന് ഉറുഗ്വായ് പ്രതിരോധനിര താരം ജോസ് മറിയ ഗിമ്മെൻസ് പറഞ്ഞു. ചെറിയ കുട്ടികളുമായെത്തിയ ഉറുഗ്വായ് താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാണികളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതിനെ തുടർന്നാണ് ഞങ്ങൾ ഗാലറിയിലെത്തിയത്. അവിടെ ഒരു പൊലീസ് ഓഫീസർ പോലുമുണ്ടായിരുന്നില്ല. തങ്ങളെ സംരക്ഷിക്കാൻ തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഗിമെൻസ് പറഞ്ഞു.
അതേസമയം, മത്സരം കഴിഞ്ഞയുടൻ ലോക്കർ റൂമിലേക്ക് പോയതിനാൽ അവിടെ സംഭവിക്കുന്നത് എന്താണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഉറുഗ്വായ് പരിശീലകൻ മാർസെല്ലോ ബിലേസ പറഞ്ഞു. എന്നാൽ, അവിടെ നടക്കാൻ പാടില്ലാത്ത ചിലത് നടന്നുവെന്ന് പിന്നീട് മനസിലാക്കിയെന്നും ബിലേസ കൂട്ടിച്ചേർത്തു.
കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് കൊളംബിയ ജയിച്ചിരുന്നു. ഫൈനലിൽ നിലവിലെ ജേതാക്കളായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എതിർ താരത്തെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഉറുഗ്വായിയെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.