വിനീഷ്യസിന് ഹാട്രിക്; ഒസാസുനയെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്ത് റയൽ

ബാഴ്സക്കും എ.സി മിലാനുമെതിരെ തുടർ തോൽവികൾ വഴങ്ങിയതിനു പിന്നാലെ സ്പാനിഷ് ലാലിഗയിൽ ഒസാസുനയെ തകർത്ത് റയൽ മഡ്രിഡ് തിരികെ വിജയവഴിയിലേക്ക്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് റയലിന്റെ മിന്നും ജയം. ഒസാസുനയുടെ പ്രതിരോധ നിരയെ മറികടന്ന് 34-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിന്‍റെ അസിസ്റ്റിലാണ് വിനീഷ്യസ് ഗോളടി തുടങ്ങിയത്.

42-ാം മിനിറ്റിൽ പ്രതിരോധ നിര ഭേദിച്ച് മുന്നേറിയ ബെല്ലിങ്ങാം സോളോ ഗോളിലൂടെ റയലിന്‍റെ ലീഡ് ഇരട്ടിയാക്കി. ഒസാസുനക്കെതിരെ രണ്ട് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ റയൽ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിലും ഫോം തുടർന്ന വിനീഷ്യസ് രണ്ട് തവണ കൂടി ഗോൾവല കുലുക്കി. 61-ാം മിനിറ്റിലും 69-ാം മിനിറ്റിലുമായിരുന്നു ഇത്. സീസണിൽ വിനീഷ്യസിന്റെ രണ്ടാം ഹാട്രിക്കാണിത്.

രണ്ടാം പകുതിയിൽ വീണ രണ്ട് ഗോളോടെ ബഹുദൂരം പിന്നിലായ ഒസാസുന തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പഴായി. റയലിന്റെ പ്രതിരോധക്കോട്ട മറികടക്കാൻ ഒസാസുനക്കായില്ല. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മഡ്രിഡ്. ഇത്രയും മത്സരങ്ങളിൽനിന്ന് 33 പോയിന്റുമായി ബാഴ്സയാണ് ഒന്നാമത്. അത്ലറ്റികോ മഡ്രിഡാണ് റയലിന് തൊട്ടുപിന്നിലുള്ളത്.

Tags:    
News Summary - Vinicius treble helps Real Madrid crush Osasuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.