കുവൈത്ത് സിറ്റി: ലോകകപ്പിന് കച്ചകെട്ടി കുവൈത്തിൽ സന്നാഹ മത്സരത്തിനെത്തിയ ബെൽജിയത്തിന് ഈജിപ്തിന്റെ പൂട്ട്. 2-1 ജയത്തോടെ ഈജിപ്ത് ബെൽജിയത്തെ തകർത്തു. ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ മുസ്തഫ മുഹമ്മദ്, രണ്ടാം പകുതിയുടെ തുടക്കത്തിൽ മഹ്മൂദ് ട്രെസെഗേറ്റ് എന്നിവരാണ് ഈജിപ്തിനായി ഗോൾ നേടിയത്. 76ാം മിനിറ്റിൽ ലൂയിസ് ഒപെൻഡയിലൂടെ ബെൽജിയം ഒരു ഗോൾ മടക്കി.
മത്സരത്തിൽ മിക്ക സമയങ്ങളിലും ബെൽജിയം ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനാകാത്തത് തിരിച്ചടിയായി. ഈജിപ്തിനെ എളുപ്പത്തിൽ മറികടക്കാമെന്ന പ്രതീക്ഷയിൽ കളത്തിലിറങ്ങിയ ബെൽജിയത്തിന് 33ാം മിനിറ്റിൽ തന്നെ മുസ്തഫ മുഹമ്മദിലൂടെ ആദ്യ പ്രഹരമേറ്റു. ഒരു ഗോൾ വഴങ്ങിയതോടെ ബെൽജിയം ഉണർന്നുകളിച്ചെങ്കിലും ഗോൾ നേടാനാകാതെ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഈജിപ്ത് ലീഡുയർത്തി. 46ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ പാസിൽ മഹ്മൂദ് ട്രെസെഗേറ്റ്ലൂടെ രണ്ടാം ഗോൾ. 76ാം മിനിറ്റിൽ ലൂയിസ് ഒപെൻഡയിലൂടെ ഒരു ഗോൾ മടക്കാനായതിൽ ബെൽജിയത്തിന് ആശ്വസിക്കാം.
ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരെന്ന മുൻതൂക്കവും 2018ൽ ഈജിപ്തിനെതിരായ അവസാന കളിയിൽ 3-0ത്തിന് വിജയിച്ചതിന്റെ ആത്മവിശ്വാസവും ബെൽജിയത്തിനെ രക്ഷിച്ചില്ല. ലോകകപ്പ് മത്സരത്തിനായി ഖത്തറിലേക്ക് പറക്കുന്ന ബെൽജിയത്തിന് തുടക്കത്തിലെ തോൽവി കല്ലുകടിയാകും. ലോകകപ്പിൽ കാനഡക്കെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം.
കുവൈത്തിലെ ജാബിർ അൽ അഹ്മദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നിരവധി പേരാണ് കളി കാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.