റയൽ എന്ന വാക്കിന് സ്പാനിഷ് ഭാഷയിൽ രാജകീയം എന്നാണർഥം. മഡ്രിഡ് നഗരം യൂറോപ്യൻ രാജകീയതയുടെ തട്ടകവും. അത് അന്വർഥമാക്കിയായിരുന്നു ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മഡ്രിഡ് ടീം 14 തവണ കിരീടം തൊട്ടത്. യൂറോപിൽ ലിവർപൂൾ ഏറ്റവും കരുത്ത് കാട്ടിയ കഴിഞ്ഞ സീസണിൽ പോലും അവരെ മുട്ടുകുത്തിച്ച് ചാമ്പ്യന്മാരായവർ. എങ്കിൽ പിന്നെ, അതേ ലിവർപൂൾ ഒട്ടും ഫോമിലല്ലാതെ യൂറോപ്യൻ കിരീടപ്പോരിൽ കൊമ്പുകോർക്കാൻ വന്നാലോ?
എന്തു ചെയ്തുകളയുമെന്ന് ലോകത്തിനു മുന്നിൽ കളിച്ചുകാണിക്കുകയായിരുന്നു ആൻഫീൽഡ് മൈതാനത്ത് റയൽ നിര. 14 മിനിറ്റിനിടെ രണ്ടു ഗോൾ വഴങ്ങിയതോടെ തളർന്നുപോകേണ്ടവർ അഞ്ചുവട്ടം എതിർവലയിൽ തീ കോരിയിട്ടാണ് തിരിച്ചുവരവ് രാജകീയമാക്കിയത്. എതിരാളികൾക്ക് അടുത്ത പാദത്തിൽ ഒന്ന് മത്സരിച്ചുനോക്കാൻ പോലും അവസരമില്ലാതാക്കിയതും. മുമ്പ് റയലിനെതിരെ ഇതേ മാർജിനിൽ പിറകിൽനിന്ന ശേഷം മിനിറ്റുകൾക്കിടെ അത്രയും ഗോളുകൾ മടക്കി ചാമ്പ്യന്മാരായതു മാത്രമാണ് ക്ലോപിനു നൽകുന്ന ഏക ആശ്വാസം.
‘വ്യക്തിത്വം കാത്താണ് ഞങ്ങൾ കളി നയിച്ചത്. ഗോളുകൾ നേടി. ഈ ചാമ്പ്യൻസ് ലീഗ് വീണ്ടും ഞങ്ങൾക്കു തന്നെ വേണം’’- ജയത്തിനു പിന്നാലെ റയൽ താരം കരീം ബെൻസേമയുടെ വാക്കുകൾ. ‘‘ആദ്യ 15 മിനിറ്റിനു ശേഷമായിരുന്നു യഥാർഥ റയൽ മഡ്രിഡ് കളി തുടങ്ങിയത്. ഈ നിലവാരത്തിലാകുമ്പോൾ ഫുട്ബാൾ അതികഠിനമാണ്. ഞങ്ങളെക്കാൾ നന്നായാണ് അവർ തുടങ്ങിയത്. എന്നാൽ, ഇത് വലിയ അങ്കമായിരുന്നു. ഞങ്ങൾ സജ്ജരും’’- ബെൻസേമ പറയുന്നു.
റയൽ മഡ്രിഡ് മുമ്പും ഇതുപോലുള്ള സാഹചര്യങ്ങളിൽ വർധിത വീര്യത്തോടെ തിരിച്ചുവന്ന് കളി ജയിച്ചവരാണെന്ന് മുൻ ഇംഗ്ലീഷ് ഇതിഹാസം അലൻ ഷിയററും വ്യക്തമാക്കുന്നു. ‘ലിവർപൂളിനെ ശരിക്കും തകർത്തുകളയുകയാണ് റയൽ മഡ്രിഡ് ചെയ്തത്. സാഹചര്യങ്ങളിൽ പതറാതെ എങ്ങനെ പിടിച്ചുനിൽക്കണമെന്നതിന്റെ മാസ്റ്റർ ക്ലാസ് ഉദാഹരണമാണ് റയൽ. റയൽ മഡ്രിഡിനെതിരെ ബെറ്റ് വെക്കാൻ കുറച്ചൊന്നുമല്ല ധൈര്യം വേണ്ടത്. ശരിക്കും അവർക്ക് ജയിക്കാനറിയാം’’- ഷിയറർക്ക് വാക്കുകളില്ല.
ലാ ലിഗയിൽ ഒന്നാമതുള്ള ബാഴ്സലോണയുമായി എട്ടു പോയിന്റ് പിറകിലാണിപ്പോൾ റയൽ മഡ്രിഡ്. എന്നാൽ, സ്പാനിഷ് ലീഗിലെ ക്ഷീണം ഒട്ടും കാണാത്ത പ്രകടനമാണ് എന്നും ചാമ്പ്യൻസ് ലീഗിൽ ടീം പുറത്തെടുക്കാറ്. കഴിഞ്ഞ സീസണിലും ആദ്യം 2-0ന് പിറകിൽ നിന്നായിരുന്നു പി.എസ്.ജിയെ അവർ കടന്നത്. ക്വാർട്ടറിൽ ചെൽസിക്കു മുന്നിലും പിറകിലായെങ്കിലും കളി ജയിച്ചു. ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമിയിൽ അവസാന മിനിറ്റിൽ നേടിയ രണ്ടു ഗോളുകൾ കളി നിർണയിക്കുകയായിരുന്നു.
അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് നേടിയ അഞ്ചു പേരാണ് റയൽ നിരയിൽ ആൻഫീൽഡിൽ ഇറങ്ങിയത്- ബെൻസേമ, ഡാനി കർവായൽ, നാച്ചോ, ലൂക മോഡ്രിച്, ടോണി ക്രൂസ്. അതിൽ കൂടുതൽ കപ്പുയർത്തിയ ഒരു താരമേയുള്ളൂ ചരിത്രത്തിൽ- പാകോ ജെന്റോ. അത് 1956- 66 കാലത്തും.
രണ്ടു ഗോളുമായി നിറഞ്ഞുനിന്ന വിനീഷ്യസും ബെൻസേമയും തന്നെയായിരുന്നു ചൊവ്വാഴ്ച കളിയിലെ താരങ്ങൾ. ‘ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിനീഷ്യസ്’ എന്നായിരുന്നു മത്സര ശേഷം ക്ലോപിന് പറയാനുണ്ടായിരുന്നത്. പ്രായം 37ലെത്തിയ ലുക മോഡ്രിച് മധ്യനിരയിൽ പുറത്തെടുത്തതും ഏറ്റവും മികച്ച കളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.