ദോഹ: ഖത്തറിലെ മാമാങ്കം കഴിഞ്ഞാൽ പിന്നെയൊരു ലോകകപ്പിനായി ഏഷ്യൻ വൻകര എത്രകാലം കാത്തിരിക്കേണ്ടിവരും? 2002 ദക്ഷിണ കൊറിയ- ജപ്പാൻ ലോകകപ്പും കഴിഞ്ഞ് 20 വർഷത്തിനുശേഷമാണ് ഇപ്പോൾ ഏഷ്യ വീണ്ടുമൊരു വിശ്വമേളക്ക് വേദിയാവുന്നത്. എന്നാൽ, ഖത്തർ കഴിഞ്ഞാൽ അത്രമാത്രം കാത്തിരിക്കേണ്ടെന്നാണ് ഫുട്ബാൾ ലോകത്തുനിന്നുള്ള പുതിയ വാർത്തകൾ നൽകുന്ന സൂചന. 2030 ലോകകപ്പ് വേദി സ്വന്തമാക്കാൻ സൗദി ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങൾ താൽപര്യവുമായി രംഗത്തുണ്ട്.

ആഫ്രിക്കൻ ഫുട്ബാൾ ഫെഡറേഷനുകീഴിലുള്ള ഈജിപ്തും എ.എഫ്.സിക്കു കീഴിലെ സൗദിയും സംയുക്തമായി ആതിഥേയ ശ്രമവുമായി രംഗത്തിറങ്ങിയതായി ഇൗജിപ്ത് കായികമന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. യൂറോപ്പിൽനിന്നും ഗ്രീസിനെയോ ഇറ്റലിയെയോ കൂടി ചേർത്ത് മൂന്ന് വൻകരകൾ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം എന്ന നിലയിലാണ് ശ്രമമെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ ഈജിപ്ത്-സൗദി-ഇറ്റലി എന്നായിരുന്നു ബിഡ് ശ്രമമെങ്കിൽ, ഏറ്റവും ഒടുവിൽ ഈജിപ്ത് -സൗദി-ഗ്രീക്ക് സംയുക്ത ആതിഥേയത്വത്തിനാണ് നീക്കം. 2024 ഫിഫ കോൺഗ്രസിലാണ് 2030 ലോകകപ്പ് ആതിഥേയരെ പ്രഖ്യാപിക്കുന്നത്. ഈജിപ്ത് കായികമന്ത്രി ഡോ. അഷ്റഫ് സോഫി സൗദി, ഗ്രീക്ക് കായിക മന്ത്രിമാരുമായി ലോകകപ്പ് ബിഡ് സംയുക്ത നീക്കം സംബന്ധിച്ച് ചർച്ച നടത്തിയതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2010ൽ ലോകകപ്പിനായി ശ്രമിച്ച ഈജിപ്ത് ഒരു വോട്ടുപോലും നേടാനാവാതെ പിന്തള്ളപ്പെട്ടതിന്‍റെ നിരാശ ഇനി ആവർത്തിക്കരുത് എന്ന തീരുമാനത്തിലാണ് സൗദി, ഗ്രീക്ക് രാജ്യങ്ങളെ കൂട്ടുപിടിച്ച് കളത്തിലിറങ്ങുന്നത്. ആഫ്രിക്കൻ നേഷൻസ് കപ്പ്, ആഫ്രിക്കൻ അണ്ടർ 23 നാഷൻസ് കപ്പ്, ഹാൻഡ്ബാൾ വേൾഡ് ചാമ്പ്യൻഷിപ് ഉൾപ്പെടെ വലിയ പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയ ആത്മവിശ്വാസത്തിലാണ് ഈജിപ്ത്.

2034 ഏഷ്യൻ ഗെയിംസ് ആതിഥേയരാകാൻ ഒരുങ്ങുന്ന സൗദി രാജ്യാന്തര തലത്തിൽ കായികമത്സരങ്ങളെ സ്വന്തം മണ്ണിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ലോക ഹെവിവെയ്റ്റ് ബോക്സിങ് പോരാട്ടത്തിനും സൗദി വേദിയായത്. നീക്കം വിജയംകണ്ടാൽ ലോകകപ്പ് ചരിത്രത്തിൽ മൂന്ന് വൻകരകൾ ഒന്നിച്ച് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായിരിക്കും ഇവർ വേദിയൊരുക്കുക.

അതേസമയം, ലോകകപ്പ് ഫുട്ബാളിന്‍റെ 100ാം വാർഷിക പോരാട്ടം എന്ന നിലയിൽ ശ്രദ്ധേയമാകുന്ന 2030 ലോകകപ്പ് വേദിക്കായി വമ്പന്മാരാണ് രംഗത്തുള്ളത്. പ്രഥമ ലോകകപ്പ് ആതിഥേയർ എന്നനിലയിൽ ഉറുഗ്വായിയുടെ നേതൃത്വത്തിൽ അർജന്‍റീന, പരഗ്വേ, ചിലി എന്നീ നാലു രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ആഫ്രിക്കയിൽനിന്ന് മൊറോക്കോ, യൂറോപ്പിൽനിന്ന് റുമേനിയ- ഗ്രീസ്- ബൾഗേറിയ- സെർബിയ, സ്പെയിൻ -പോർചുഗൽ എന്നീ ബിഡുകളും ഉണ്ട്. എന്തായാലും വേദി എവിടെയെന്നറിയാൻ 2024 വരെ കാത്തിരിക്കണം.

Tags:    
News Summary - when A World Cup In Asia‍?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.