‘‘ബൗളർമാർ വാഴു​മ്പോൾ...’’- ന്യൂസിലൻഡിനെ വീഴ്ത്തിയ ഇരട്ട ശതകം പിറന്നതിങ്ങനെ- ശുഭ്മാൻ ഗില്ലിന് ചിലത് പറയാനുണ്ട്

ഏകദിനത്തിൽ ഇരട്ട ശതകം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം തന്റെ പേരിലാക്കി ശുഭ്മാൻ ഗിൽ എന്ന 23കാരൻ നിറഞ്ഞാടിയ ദിവസമായിരുന്നു ബുധനാഴ്ച. 19 ഫോറും ഒമ്പതു സിക്സറുമായി 149 പന്തിൽ 208 റൺസെടുത്തായിരുന്നു താരത്തിന്റെ അശ്വമേധം. മറുപടി ബാറ്റിങ്ങിനിടെ തകർത്തടിച്ച് മൈക്കൽ ബ്രേസ്വെൽ എന്ന ഒറ്റയാൻ ഇന്ത്യൻ സ്വപ്നങ്ങളെ കരിച്ചുകളയുമെന്ന് തോന്നിച്ചെങ്കിലും 12 റൺസ് ജയം പിടിച്ച് ഇന്ത്യ ഹൈദരാബാദിൽ ആഘോഷം കൊഴുപ്പിച്ചു.

പതിയെ തുടങ്ങിയായിരുന്നു ഗില്ലിന്റെ ബാറ്റിങ്. ആദ്യ 50 എത്തിയത് 52 പന്തിൽ. സെഞ്ച്വറി പിന്നിടാൻ പിന്നീട് 35 പന്തുകളേ എടുത്തുള്ളൂ. അടുത്ത 50ഉം 35 പന്തിൽ പൂർത്തിയാക്കിയ ഗിൽ 23 പന്തുകൾ കൂടി നേരിട്ട് ഇരട്ട ശതകമെന്ന അദ്ഭുത അക്കം തൊട്ടു. പ്രമുഖരെ വീഴ്ത്താൻ തന്ത്രങ്ങൾ പഠിച്ചെടുത്ത എത്തിയ കിവികൾക്ക് ഈ ഇളമുറക്കാരന്റെ ബാറ്റിങ് താണ്ഡവത്തിനു മുന്നിൽ സുല്ലു പറ​യുകയേ വഴിയുണ്ടായിരുന്നുള്ളൂ. തുടർച്ചയായ മൂന്നു സിക്സ് പറത്തിയും മൈതാനത്തിനു ചുറ്റം അടിച്ചുപറത്തിയും റണ്ണുകളുടെ തമ്പുരാനായി മാറിയ ഗിൽ തന്റെ ഇരട്ട ശതകത്തെ കുറിച്ച് പറയുന്നതിങ്ങനെ: ‘‘വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും അടിച്ചുതകർക്കണമെന്ന് ചിലപ്പോൾ എനിക്ക് തോന്നി. എന്നാൽ, അവസാനത്തിലെങ്കിലും അത് നടത്താനായതിൽ സന്തോഷമുണ്ട്. ബൗളർ വാഴുന്ന ചില ഘട്ടങ്ങളിൽ അവരെ സമ്മർദത്തിലാക്കുകയാണ് പോംവഴി’’.

‘‘ഡോട്ട് ബാളുകൾ ഒഴിവാക്കേണ്ടിയിരുന്നു. കളി പിടിക്കാനുള്ള ഇച്ഛയോടെ ഒഴിഞ്ഞ ഭാഗങ്ങളിലേക്ക് അടിച്ചുപറത്താനാകണം. അതുതന്നെയാണ് ഞാനും ചെയ്തത്. 200 എടുക്കുമെന്ന് ഞാനും ചിന്തിച്ചിരുന്നില്ല. 47ാം ഓവറിൽ തുടർച്ചയായി സിക്സറുകൾ പറത്തിയതോടെ, അതു സാധ്യമായെന്ന് തോന്നിത്തുടങ്ങി. അതുവരെയും മുന്നിൽ വരുന്നത് കളിക്കുക മാത്രമായിരുന്നു ഞാൻ- ബാറ്റിങ് തന്ത്രങ്ങളെ കുറിച്ച് താരം പിന്നെയും വിശദീകരിക്കുന്നു.

23 കാരനായ ഗിൽ ഇരട്ട സെഞ്ച്വറി കുറിച്ചതോടെ പഴങ്കഥയായത് കഴിഞ്ഞ മാസം ഇശാൻ കിഷൻ ബംഗ്ലദേശിനെതിരെ സ്വന്തം പേരിലാക്കിയ റെക്കോഡാണ്. 24കാരനാണ് ഇശാൻ കിഷൻ.

19 ഇന്നിങ്സിൽ 1,000 ഏകദിന റൺസ് പൂർത്തിയാക്കിയ താരം അതിവേഗം സഹസ്രം തൊടുന്ന റെക്കോഡിൽ ഇമാമുൽ ഹഖിനൊപ്പം അവകാശിയായി. 18 ഇന്നിങ്സിൽ ഫഖർ സമാൻ പൂർത്തിയാക്കിയതാണ് ഏറ്റവും മികച്ചത്. ഇന്ത്യയിൽ വിരാട് കോഹ്‍ലി, ശിഖർ ധവാൻ എന്നിവർ 24 ഇന്നിങ്സിൽ 1,000 റൺസെടുത്തവരാണ്. 

Tags:    
News Summary - "When The Bowler Is On Top...": Shubman Gill Reveals How He Planned His Double Ton In 1st ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.