ബ്രസീലിയ: സമകാലീന ഫുട്ബാളിലെ രണ്ട് സൂപ്പർ താരങ്ങളാണ് അർജന്‍റീനയുടെ ലയണൽ മെസ്സിയും ബ്രസീലിന്‍റെ നെയ്മറും. ബാഴ്സലോണയിൽ മുമ്പ് ഒരുമിച്ച് പന്ത് തട്ടിയ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നത് ഏവർക്കുമറിയാം. കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ഫൈനലിൽ തന്‍റെ രാജ്യം അർജന്‍റീനയെ നേരിടാനൊരുങ്ങുന്നതിന് തൊട്ടുമുമ്പ് സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നെയ്മർ. മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ച നെയ്മർ ബ്രസീൽ കളിക്കാത്ത ടൂർണമെന്‍റിൽ താൻ മെസ്സിയുടെ അർജന്‍റീന ജയിക്കാനായിട്ടാണ് ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
'എപ്പോഴും പറയുംപോലെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണയാൾ. എന്‍റെ നല്ല സുഹൃത്ത് കൂടിയാണ്. എന്നാൽ ഞങ്ങളിപ്പോൾ ഫൈനലിലാണ്. ഞങ്ങൾ എതിരാളികൾ കൂടിയാണ്. എനിക്ക് ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത് എന്‍റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്. വർഷങ്ങളായി ബ്രസീലില്ലാത്ത ടൂർണമെന്‍റുകളിൽ ഞാൻ മെസ്സിക്കായി ആർപ്പുവിളിച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനൽ ജർമനിയെ നേരിട്ടപ്പോൾ ഞാൻ അർജന്‍റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്' -നെയ്മർ പറഞ്ഞു.
'നമ്മൾ ഒരാളുമായി ചങ്ങാത്തത്തിലായാൽ അത് മറക്കുക ഭയങ്കര പ്രയാസപ്പെട്ട കാര്യമാണ്. നമ്മൾ സുഹൃത്തിനോടൊത്ത് ഒരു വിഡിയോ ഗെയിം കളിക്കുേമ്പാൾ അവനെ തോൽപിക്കാൻ നോക്കുമെല്ലോ... അതേ കാര്യമാണ് എല്ലാ ബ്രസീലുകാരനും ശനിയാഴ്ച ചെയ്യുക'-നെയ്മർ കൂട്ടിച്ചേർത്തു.
വൻകര കാത്തിരുന്ന ഫൈനലിനാണ് മറക്കാന സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫൈനലിൽ എതിരാളികളായി അർജന്‍റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്നും നെയ്മർ പറഞ്ഞതോടെ രണ്ടാം സെമിഫൈനൽ ഏവരും ഉറ്റുനോക്കിയിരുന്നു. കൊളംബിയക്കെതിരായ സെമിവിജയത്തിന് ശേഷം നെയ്മറിന് മെസ്സി മറുപടിയും നൽകി. 'നല്ല കുട്ടിയായത് കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്. എന്നാൽ ഇത് ഫൈനലാണ്, നാമെല്ലാം ജയിക്കണമെന്നല്ലേ ആഗ്രഹിക്കുന്നത്' -മെസ്സി പറഞ്ഞു.
'ഞങ്ങൾ രണ്ടുപേരും ഫൈനലിലെത്തി. നാമെല്ലാവരും പ്രതീക്ഷിക്കുന്ന പോലൊരു ഫൈനലാകും അത്. തീർച്ചയായും കടുത്ത മത്സരമായിരിക്കും. ഞങ്ങൾ ആദ്യ ലക്ഷ്യം നേടി, എല്ലാ മത്സരങ്ങളും കളിക്കുക എന്നതായിരുന്നു അത്. ഇനി ആ ഫൈനലിൽ കൂടി വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും' -മെസ്സി കൂട്ടിച്ചേർത്തു.
അർജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന് മുന്നോടിയായിട്ടായിരുന്നു നെയ്മറിന്റെ സൗഹൃദത്തിൽ ചാലിച്ച വെല്ലുവിളി. 'എനിക്ക് ഫൈനലിൽ അർജന്‍റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്. എനിക്ക് അവിടെ സുഹൃത്തുക്കളുണ്ട്. പക്ഷേ ഫൈനൽ വിജയിക്കുന്നത് ബ്രസീലായിരിക്കും'- നെയ്മർ ചിരിച്ചുകൊണ്ട് പറഞ്ഞു.
2007 കോപ്പയിലാണ് അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. കഴിഞ്ഞ കോപ്പയിൽ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ജയം ബ്രസീലിനൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.