കായിക രംഗത്തെ ഓസ്കാർ എന്ന വിശേഷണമുള്ള ലോറസ് അവാർഡിനുള്ള അന്തിമ പട്ടിക പുറത്തുവിട്ടു. മികച്ച പുരുഷ കായിക താരത്തിനുള്ള പുരസ്കാരത്തിനായി ആറുപേരാണ് മത്സരിക്കുന്നത്. അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി, ഫ്രഞ്ച് സൂപ്പർ ഫുട്ബാളർ കിലിയൻ എംബാപ്പെ, ടെന്നിസ് ഇതിഹാസം റഫേൽ നദാൽ, അമേരിക്കൻ ബാസ്കറ്റ് ബാൾ താരം സ്റ്റീഫൻ കറി, പോൾവാട്ടർ മോണ്ടോ ഡുപ്ലാന്റിസ്, ഫോർമുല വൺ ചാമ്പ്യൻ മാക്സ് വെസ്താപ്പൻ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
വീണ്ടും ഫ്രഞ്ച് ഓപൺ കിരീടം നേടി ചരിത്രം കുറിച്ച നദാലിന് 2022 മികച്ച നേട്ടമാണ് സമ്മാനിച്ചത്. പോൾവാൾട്ടിൽ ഇൻഡോർ, ഔട്ട്ഡോർ ലോക റെക്കോഡുകാരനാണ് സ്വീഡിഷ്-അമേരിക്കൻ പോൾവാൾട്ടറായ ഡുപ്ലാന്റിസ്. 2022ൽ റെഡ്ബുളിനായി റേസിങ് ട്രാക്കിലിറങ്ങി ലോക ചാമ്പ്യൻ പട്ടം നേടിയ താരമാണ് വെസ്താപ്പൻ. എക്കാലത്തെയും മികച്ച ബാസ്കറ്റ് ബാൾ താരങ്ങളിൽ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണ് അമേരിക്കൻ പ്രഫഷനൽ ബാസ്കറ്റ് ബാളിൽ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിന്റെ ഷൂട്ടറായ സ്റ്റീഫൻ കറി. 2022ൽ ടീമിനെ എൻ.ബി.എ (നാഷനൽ ബാസ്കറ്റ്ബാൾ അസോസിയേഷൻ) ചാമ്പ്യന്മാരാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്.
ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ടൂർണമെന്റിൽ ടോപ് സ്കോറർ കൂടിയായിരുന്ന കിലിയൻ എംബാപ്പെ. ഏഴ് ഗോളും മൂന്നും അസിസ്റ്റുമായി അർജന്റീനയെ ലോകകപ്പിൽ ചാമ്പ്യന്മാരാക്കിയ പ്രകടനമാണ് ലയണൽ മെസ്സിക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.