ഹാലണ്ടിനെ ആര് പിടിച്ചുകെട്ടും?; അതിവേഗത്തിൽ 20 ഗോളടിച്ച റെക്കോഡ് ഇനി നോർവേക്കാരന്റെ പേരിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടി തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട്. ഇന്നലെ ലീഡ്സ് യുനൈറ്റഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളടിച്ചാണ് താരം തന്നെ പിടിച്ചുകെട്ടുക അസാധ്യമാണെന്ന് എതിരാളികൾക്ക് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുന്നത്. 51, 61 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഹാലണ്ടിന്റെ മികവിൽ സിറ്റി 3-1നാണ് ജയിച്ചു കയറിയത്.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റോഡ്രിയാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. റിയാദ് മെഹ്റസിന്റെ ഷോട്ട് ലീഡ്സ് ഗോൾകീപ്പർ മെസ്‍ലിയർ തടഞ്ഞിട്ടപ്പോൾ നേരെ എത്തിയത് റോഡ്രിയുടെ കാലിലായിരുന്നു. ക്ലോസ് റേഞ്ചിലുള്ള ഷോട്ട് ഇത്തവണ ഗോളിയെ കീഴടക്കി. ശേഷമായിരുന്നു ഹാലണ്ടിന്റെ പകർന്നാട്ടം. ജാക്ക് ഗ്രീലിഷ് ആണ് രണ്ടു തവണയും ഗോളിലേക്ക് വഴി തുറന്നത്. സീസണിലെ നാലാം ഹാട്രിക്കിനുള്ള സുവർണാവസരം ലഭിച്ചെങ്കിലും മെസ്‍ലിയർ തട്ടിത്തെറിപ്പിച്ചു. 73ാം മിനിറ്റിൽ പാസ്കലിലൂടെയായിരുന്നു ലീഡ്സിന്റെ ആശ്വാസ ഗോൾ.

ജർമനിയിലെ ബൊറൂസിയ ഡോട്ട്മുണ്ടിനായി ഗോളടിച്ചു കൂട്ടിയിരുന്ന ഹാലണ്ട് ഈ സീസണിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. പ്രീമിയർ ലീഗിൽ 14 കളികളിൽ 20 ഗോളുകളാണ് ഇതുവരെ എതിർ വലയിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോൾ അടിച്ച താരമെന്ന റെക്കോഡും ഇതോടെ 22കാരന്റെ പേരിലായി. 21 കളിയിൽ 20 ഗോൾ നേടിയ കെവിൻ ഫിലിപ്സിന്റെ റെക്കോഡാണ് പഴങ്കഥയായത്. സിറ്റിക്കായി ഹാലണ്ടിന്റെ ആകെ ഗോൾ നേട്ടം 20 മത്സരത്തിൽ 26 ആയി. വിജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയന്റ് വ്യത്യാസം അഞ്ച് പോയന്റായി കുറച്ചു. 

Tags:    
News Summary - Who will stop Haaland?; The record of 20 goals in the fastest time is now in the name of the Norwegian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.