ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ഇന്റർ മയാമിക്ക് ദയനീയ തോൽവി. ജൂലൈ 15ന് ഇതിഹാസതാരം ക്ലബിലെത്തിയശേഷം ഇന്റർമയാമി തോൽവിയുന്നത് ഇതാദ്യമാണ്. രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് അത്‍ലാന്റ യുനൈറ്റഡാണ് മയാമിക്കാരെ തുരത്തിയത്.
മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ സൂപ്പർതാരത്തിന്റെ കളി കാണാൻ നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് നിരാശയായിരുന്നു ഫലം. ഇന്റർമയാമിയുടെയും ദേശീയ ടീമിന്റെയും ഉൾപ്പെടെ മത്സരങ്ങളുടെ ആധിക്യം കാരണം മെസ്സി വിട്ടുനിന്ന കളിയിൽ മയാമിക്ക് തൊട്ടതെല്ലാം പിഴച്ചു. 25-ാം മിനിറ്റിൽ ഡിക്സൺ അരോയോയുടെ ലോങ്റേഞ്ചർ ക്രോസ് ബാറിന് തട്ടിത്തെറിച്ചപ്പോൾ റീബൗണ്ടിൽനിന്ന് ലിയനാർഡോ കംപാന മയാമിയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, ആ ആവേശത്തിലേറി കുതിക്കാൻ സന്ദർശകർക്ക് കഴിഞ്ഞില്ല.
പത്തുമിനിറ്റിനുശേഷം ട്രിസ്റ്റാൻ മുയുംബയുടെ ഗോളിൽ അത്‍ലാന്റ ഒപ്പമെത്തി. പ്രതിരോധത്തിൽ പലകുറി അമാന്തിച്ച മിയാമിക്ക് സെൽഫ് ഗോളിന്റെ പ്രഹരമായി പിന്നെ. 41-ാം മിനിറ്റിൽ കമാൽ മില്ലറാണ് സ്വന്തം വലയിലേക്ക് പന്തിനെ ഗതിതിരിച്ചുവിട്ടത്. മൂന്നുമിനിറ്റ് പിന്നിടവേ, ബ്രൂക്സ് ലെനൺ അത്‍ലാന്റ യുനൈറ്റഡിനെ 3-1ന് മുന്നിലെത്തിച്ചു.
ഇടവേളക്കുശേഷം പെനാൽറ്റി സ്പോട്ടിൽനിന്ന് കംപാന ഒരു ഗോൾ കൂടി തിരിച്ചടിച്ചെങ്കിലും കളിയുടെ അവസാന ഘട്ടത്തിൽ ജിയോർഗോസ് ജിയാകൂമാകിസും ടൈലർ വോൾഫും നേടിയ ഗോളുകൾ അത്‍ലാന്റക്ക് ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.