ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വീണ്ടും തോൽവി. വൂൾവ്സ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ചെമ്പടയെ പരാജയപ്പെടുത്തിയത്.
ഇതോടെ പോയന്‍റ് പട്ടികയിൽ ടീം പത്താം സ്ഥാനത്തായി. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ ജോയൽ മാറ്റിപ്പിലൂടെ സെൽഫ് ഗോൾ വഴങ്ങിയത് ലിവർപൂളിന് തിരിച്ചടിയായി. 12ാ ം മിനിറ്റിൽ ഇംഗ്ലീഷ് താരം ക്രെയ്ഗ് ഡോസൺ വൂൾവ്സിന്‍റെ ലീഡ് ഉയർത്തി. പോർചുഗലിന്‍റെ മധ്യനിരതാരം റൂബൻ നെവ്സാണ് മൂന്നാം ഗോൾ നേടിയത്.
പഴയ മികവിലേക്കെത്താൻ പ്രയാസപ്പെടുന്ന ലിവർപൂളിന് തുടർച്ചയായ നാലാം തോൽവിയാണിത്. മുൻനിരതാരങ്ങളുടെ മങ്ങിയഫോമാണ് ടീമിന് തിരിച്ചടിയാവുന്നത്. 20 മത്സരങ്ങളിൽനിന്ന് എട്ടു ജയവും ഏഴു തോൽവിയും അഞ്ചു സമനിലയുമായി 29 പോയന്‍റാണുള്ളത്. വൂൾവ്സ് 21 മത്സരങ്ങളിൽനിന്ന് 20 പോയന്‍റുമായി 15ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് (ഏഴാം മിനിറ്റിൽ പെനാൽറ്റി ഗോൾ), മാർകസ് റാഷ്ഫോഡ് (62ാം മിനിറ്റിൽ) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്.
ഘാന താരം ജെഫ്രി ഷ്‌ലുപ്പിന്‍റെ (76ാം മിനിറ്റിൽ) വകയായിരുന്നു ക്രിസ്റ്റൽ പാലസിന്‍റെ ആശ്വാസ ഗോൾ. ജയത്തോടെ യുനൈറ്റഡ് പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഗിലെ അവസാന കളിയിൽ യുനൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് ആഴ്സണലിനോട് തോറ്റിരുന്നു. യുനൈറ്റഡിന് 42 പോയന്‍റാണുള്ളത്. 50 പോയന്‍റുമായി ആഴ്സണലും 45 പോയന്‍റുമായി സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.