മണ്ണഞ്ചേരി: വനിത അണ്ടർ 17 ലോകകപ്പ് ഫുട്ബാളിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നാടിന് അഭിമാനമായി ആര്യ. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് തറവീട് വെളിയിൽ അനിൽ കുമാറിന്‍റെയും ജയമോളുടെയും ഇളയ മകളാണ്. കണ്ണൂർ ജി.വി.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബാളിലേക്ക് ആകർഷിക്കപ്പെടുന്നത്. സുരേഷ് വെങ്കിടേശായിരുന്നു കോച്ച്. ജില്ല, സംസ്ഥാന ടീമുകളിൽ കളിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ ക്ലബ് അണ്ടർ 17 ടൂർണമെന്റിൽ ചാമ്പ്യൻമാരായ ടീമിൽ അംഗമായിരുന്നു ആര്യ.
നിലവിൽ ഗോകുലം കേരള എഫ്.സിയുടെ അണ്ടർ 17 ടീം അംഗമാണ്. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ കേരളത്തിൽ നടത്തിയ സെലക്ഷൻ ട്രയലിലും ഖേലോ ഇന്ത്യ ടൂർണമെന്‍റിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ക്യാമ്പിൽ എത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി കലവൂർ ഫുട്ബാൾ അക്കാദമിയിൽ പരിശീലിച്ചു വരുകയായിരുന്നു.
വെള്ളിയാഴ്ച ചെന്നൈയിൽ ആരംഭിച്ച ഇന്ത്യൻ ക്യാമ്പിൽ ആര്യ പരിശീലനം തുടങ്ങി. സഹോദരി ആദിത്യയും ഫുട്ബാൾ താരമാണ്. ഇപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി അംഗമായ ആദിത്യ തൃശൂർ സെന്റ് മേരീസ് കോളജിലെ ബി.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് ആര്യയെ അനുമോദിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്, കെ.വി. രതീഷ്, മോൻസി, ബേബിക്കുട്ടൻ, വി.എസ്. ആനന്ദൻ തുടങ്ങിയവർ ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.