ഓക് ലൻഡ്: വനിത ഫുട്ബാൾ ലോകകപ്പ് ഫൈനൽ തേടി ചൊവ്വാഴ്ച യൂറോപ്യൻ ടീമുകൾ നേർക്കുനേർ. ലോക കിരീടമെന്നത് സ്വപ്നമായി തുടരുന്ന സ്വീഡനും സ്പെയിനും തമ്മിലാണ് പോരാട്ടം. 2003ലെ റണ്ണറപ്പുകളായ സ്വീഡിഷ് സംഘം നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്താണ്. ആദ്യ ആറ് ലോകകപ്പുകൾക്ക് യോഗ്യതപോലും ലഭിക്കാത്ത സ്പാനിഷ് പടയെ സംബന്ധിച്ച് ഇത്തവണത്തെ സെമി ഫൈനൽ പ്രവേശം തന്നെയാണ് ചരിത്രത്തിൽ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ജയിക്കുന്നവർ കലാശക്കളിയിൽ ഇംഗ്ലണ്ടിനെയോ ആസ്ട്രേലിയയെയോ നേരിടും.
മുൻ ചാമ്പ്യന്മാരും ഏഷ്യൻ കരുത്തരുമായ ജപ്പാനെ ക്വാർട്ടർ ഫൈനലിൽ 2-1ന് തോൽപിച്ച് നാട്ടിലേക്ക് മടക്കിയാണ് സ്വീഡന്റെ വരവ്. നിലവിലെ ചാമ്പ്യന്മാരായ യു.എസിനെ പ്രീക്വാർട്ടറിലും തിരിച്ചയച്ചു. ഒരു തവണ യൂറോ കിരീടവും സ്വന്തമാക്കിയ പാരമ്പര്യമുണ്ട്.
മൂന്നു തവണ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സ് ഫൈനലിൽ കാനഡയോട് തോറ്റാണ് സ്വർണം നഷ്ടമായത്. ഇക്കുറി വമ്പന്മാരെ തകർത്തുവിട്ടാണ് ലോകകപ്പിൽ മുന്നേറുന്നതെന്നതും സ്വീഡന് പ്രതീക്ഷ നൽകുന്നു. സ്പെയിനുമായി ലോകകപ്പിൽ ഇതുവരെ മുഖാമുഖം വന്നിട്ടില്ലെങ്കിലും മുമ്പ് ഏറ്റുമുട്ടിയ കണക്കെടുത്താൽ വ്യക്തമായ മുൻതൂക്കവുമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്പാനിഷ് മണ്ണിൽ ഏറ്റുമുട്ടിയപ്പോൾ കളി 1-1 സമനിലയിലായിരുന്നു.
മറുഭാഗത്ത് കറുത്ത കുതിരകളെന്ന വിശേഷണം നേടിക്കഴിഞ്ഞ സ്പെയിൻ ഫേവറിറ്റുകളുമായി മാറുന്ന കാഴ്ചയാണ്. ഗ്രൂപ് റൗണ്ടിൽ ഉജ്ജ്വല പ്രകടനം നടത്തുന്നതിനിടെ ജപ്പാനോട് കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. കോസ്റ്ററീകയെ എതിരില്ലാത്ത മൂന്നും സാംബിയയെ അഞ്ചും ഗോളിന് കശക്കിയ ടീം പക്ഷേ ജപ്പാനോട് മറുപടിയില്ലാത്ത നാല് ഗോൾ പരാജയം രുചിച്ചു.പ്രീ ക്വാർട്ടറിൽ പക്ഷേ സ്വിറ്റ്സർലൻഡിനെതിരെ നേടിയ 5-1 ജയം ലാ റോജക്ക് ആത്മവിശ്വാസം തിരികെ നൽകി. ക്വാർട്ടറിൽ നെതർലൻഡ്സിനെതിരെ 2-1നായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.