വനിത ലോകകപ്പ്: സ്വീഡൻ ജപ്പാനെയും സ്പെയിൻ നെതർലൻഡ്സിനെയും വീഴ്ത്തി

സിഡ്നി: കിരീടപ്രതീക്ഷകളിലേക്ക് ബൂട്ടുകെട്ടിയിറങ്ങിയ ഏഷ്യൻ കരുത്തർ സ്വീഡിഷ് മിടുക്കിനു മുന്നിൽ വീണ് വനിത ലോകകപ്പിൽനിന്ന് പുറത്ത്. ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം പിടിച്ചാണ് യൂറോപ്യൻ ടീമുകൾ തമ്മിലെ സെമിയിലേക്ക് സ്വീഡൻ ടിക്കറ്റുറപ്പിച്ചത്.

കഴിഞ്ഞ കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ യു.എസിനെ വീഴ്ത്തിയ അതേ ഉശിരുമായി മൈതാനത്തെത്തിയ സ്വീഡനുതന്നെയായിരുന്നു ആദ്യാവസാനം മേൽക്കൈ. ആദ്യ പകുതിയിലെ 32ാം മിനിറ്റിൽ ഗോളടിച്ച് തുടങ്ങിയ സ്വീഡൻ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡുയർത്തി നിലപാട് വ്യക്തമാക്കി. 76ാം മിനിറ്റിൽ പെനാൽറ്റി നഷ്ടമാക്കിയ ജപ്പാൻ അവസാന വിസിലിന് മിനിറ്റുകൾ ബാക്കിനിൽക്കെ ഒന്നു തിരിച്ചടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്വീഡിഷ് പ്രതിരോധം ഉറച്ചുനിന്നതോടെ കണ്ണീരോടെ മടങ്ങാനായി വിധി.

സ്വീഡനുവേണ്ടി ഇലെസ്റ്റഡ്റ്റ്, എയ്ഞ്ചൽഡാൽ എന്നിവരും ജപ്പാനുവേണ്ടി ഹയാഷിയും ഗോൾ നേടി. പലവട്ടം എതിർ ഗോൾമുഖം വിറപ്പിച്ച് സ്വീഡൻ നിറഞ്ഞാടിയ കളിയിൽ ജപ്പാൻ ഗോളി അയാക യമാഷിതയുടെ മിന്നും സേവുകളാണ് വൻ തോൽവിയിൽനിന്ന് ടീമിന് രക്ഷയൊരുക്കിയത്. ലോകകപ്പിൽ 14 ഗോളുകളുമായി ഇതുവരെയും മികച്ച പ്രകടനം പുറത്തെടുത്ത ജപ്പാന്റെ നിഴൽ മാത്രമായിരുന്നു വെള്ളിയാഴ്ച മൈതാനത്ത് കണ്ടത്. ചൊവ്വാഴ്ച സ്പെയിനിനെതിരെ ഇതേ മൈതാനത്താണ് സ്വീഡന് സെമി പോരാട്ടം.

ഡച്ചുകാരെ വീഴ്ത്തിയാണ് നേരത്തേ സ്പെയിൻ അവസാന നാലിലെത്തിയത്. പകരക്കാരിയായി മൈതാനത്തെത്തിയ കൗമാരതാരം മരിയാന കാൾഡെന്റി 80ാം മിനിറ്റിൽ നേടിയ ഗോളുൾപ്പെടെ 2-1നായിരുന്നു സ്പാനിഷ് വിജയം. ഗോളില്ലാതെ ഉഴറിയ മൈതാനത്ത് ആദ്യമെത്തുന്നത് കാൾഡെന്റിയുടെ മിന്നും ഗോളാണ്. ഇഞ്ച്വറി സമയത്ത് വാൻ ഡർ ഗ്രാഗ്റ്റിലൂടെ ഡച്ചുകാർ സമനില പിടിച്ച കളി എക്സ്ട്രാ ടൈമിൽ. എന്നാൽ, 111ാം മിനിറ്റിൽ സൽമ പരാലുലയുടെ ഗോൾ കളി നിർണയിക്കുകയായിരുന്നു.

ഡച്ചുകാരും വീണതോടെ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാർക്കു പിറകെ കലാശപ്പോര് കളിച്ച രണ്ടാം ടീമും പുറത്തായി. കിരീടജേതാക്കളായ അമേരിക്ക സ്വീഡനോട് തോറ്റുമടങ്ങിയിരുന്നു. പലവട്ടം ഗോൾമുഖം തുറന്ന് ഇരു ടീമും മികച്ച ഫുട്ബാൾ കെട്ടഴിച്ച മത്സരത്തിൽ പലപ്പോഴും ഗോളിനു മുന്നിൽ നിർഭാഗ്യം വഴിമുടക്കി.

Tags:    
News Summary - Women's World Cup: Sweden beats Japan, Spain beats Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.