ലോകകപ്പ് കിക്കോഫ് നവംബർ 20ന്; ഖത്തർ-എക്വഡോർ ഉദ്ഘാടന മത്സരം രാത്രി ഏഴിന്

ദോഹ: ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരം ഒരു ദിവസം നേരത്തേയാക്കാനുള്ള നിർദേശത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. ഇതോടെ, ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലെ പോരാട്ടത്തിന് നവംബർ 20ന് പ്രാദേശിക സമയം രാത്രി ഏഴിന് (ഇന്ത്യൻ സമയം 9.30) അൽ ബെയ്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കും. 21ന് ഉച്ച ഒരു മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കേണ്ട നെതർലൻഡ്സും സെനഗാളും തമ്മിലെ മത്സരം അതേ ദിവസം രാത്രി ഏഴു മണിയിലേക്ക് മാറ്റാനും തീരുമാനമായി. മുൻനിശ്ചയിച്ചതിൽനിന്ന് ഒരു ദിവസം നേരത്തേയാക്കിയതോടെ ലോകകപ്പ് കൗണ്ട്ഡൗണിന്‍റെ 100 ദിനം എന്ന മാജിക്കൽ നമ്പറിന് വെള്ളിയാഴ്ച തുടക്കമായി.

ലോകകപ്പ് ഫുട്ബാളിന്‍റെ കീഴ്വഴക്കം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉദ്ഘാടന മത്സരം ആദ്യമാക്കാൻ തന്നെ തീരുമാനിച്ചത്. നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം, 21ന് ഉച്ച ഒരു മണിക്ക് സെനഗാൾ- നെതർലൻഡ്സ്, നാലു മണിക്ക് ഇംഗ്ലണ്ട്- ഇറാൻ (ഖലീഫ സ്റ്റേഡിയം) എന്നീ മത്സരങ്ങൾക്കു ശേഷമായിരുന്നു രാത്രി ഏഴുമണിയോടെ ആതിഥേയരും എക്വഡോറും തമ്മിലെ ഉദ്ഘാടന മത്സരം നിശ്ചയിച്ചത്. എന്നാൽ, ആതിഥേയരോ അല്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാരോ കളിക്കുന്ന മത്സരത്തോടെ ടൂർണമെന്‍റ് തുടങ്ങുകയെന്നതാണ് കാലങ്ങളായുള്ള ലോകകപ്പിലെ കീഴ്വഴക്കം. ഇതു നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉദ്ഘാടന മത്സരം നവംബർ 20ലേക്ക് മാറ്റാൻ ഫിക്സ്ചർ ചുമതലയുള്ള ബ്യൂറോ ഓഫ് കൗൺസിൽ ഐകകണ്ഠ്യേന അംഗീകാരം നൽകിയത്. രണ്ടു കളികളുടെ സമയമാറ്റമല്ലാതെ ഫിക്സ്ചറിൽ മറ്റു വ്യത്യാസങ്ങളൊന്നുമില്ല.

ഈ മത്സരങ്ങൾക്ക് ടിക്കറ്റെടുത്ത കാണികൾക്ക് അതേ ടിക്കറ്റുപയോഗിച്ചുതന്നെ കളി കാണാം. ഇതുസംബന്ധിച്ച അറിയിപ്പ് ടിക്കറ്റ് ഉടമകൾക്ക് ഇ-മെയിൽ വഴി നൽകുമെന്ന് ഫിഫ അറിയിച്ചു. തീയതിമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസംതന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.

Tags:    
News Summary - World Cup kicks off on November 20; Qatar-Ecuador opening match at 7 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.