ദോഹ: ലുസൈൽ ബൊളെവാഡിലും മുശൈരിബ് മെട്രോ സ്റ്റേഷനിലും അൽ ബിദ പാർക്കിലും സൂഖ് വാഖിഫിലുമെല്ലാം ഉയർന്നുകേട്ട ആരവങ്ങൾ ഇന്നും കാതുകളുടെ ചുറ്റുവട്ടത്തുണ്ട്... പല ദേശക്കാരും വർണക്കാരും ഒരുപന്തിന് ചുറ്റും ഉയർന്ന കളിയാവേശവുമായി ദോഹയിൽ ഒന്നിച്ച നാളുകൾ... രാവിനെ പകലാക്കി, പല ദേശീയപതാകകളും പാട്ടുകളും വാദ്യമേളങ്ങളുമായി ദോഹ ലോകത്തിന്റെ ആസ്ഥാനമായി മാറി ഒരുവർഷം മുമ്പത്തെ നവംബർ, ഡിസംബർ മാസത്തിന്റെ ഓർമയാണെങ്ങും.
2022 ഡിസംബർ 18ന്; ആഘോഷങ്ങളും ആരവങ്ങളും കൊടിയിറങ്ങിയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. കഴിഞ്ഞ വർഷം ഇതേ ദിനമായിരുന്നു ഖത്തറിന്റെ ഹൃദയമായ ലുസൈൽ സ്റ്റേഡിയത്തിന്റെ മുറ്റത്ത് ലയണൽ മെസ്സിയും സംഘവും ലോക കിരീടമണിഞ്ഞത്.
****
ഖത്തറിന്റെ ദേശീയദിനം കൂടിയാണിന്ന്. എല്ലാ വർഷവും രാജ്യം ഏറെ വർണാഭമായി ആഘോഷിക്കുന്ന ദിനം. ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരപരാധികൾ മരിച്ചുവീഴുകയും, സൗഹൃദ രാജ്യമായ കുവൈത്ത് അമീറിന്റെ വേർപാടിലുമായി വലിയ ആഘോഷങ്ങൾക്ക് ഇത്തവണ അവധി നൽകിയിരിക്കുന്നു. എങ്കിലും, ഈ മണ്ണ് കഴിഞ്ഞ ഡിസംബർ 18ന്റെ ഓർമകളിലാണിപ്പോൾ.
ആരവങ്ങളുടെ പൂരപ്പറമ്പായിരുന്ന ഇടങ്ങൾ, നിശബ്ദതയോടെ എല്ലാം ഓർത്തെടുക്കുന്നു. ലയണൽ മെസ്സിയും കൂട്ടുകാരും വിക്ടറി മാർച്ച് നടത്തി ലോകത്തെ അഭിവാദ്യം ചെയ്ത ബൊളെവാഡിൽ എല്ലാം പഴയതു പോലെ. എട്ട് സ്റ്റേഡിയങ്ങളിലേക്കും ദിശകാണിച്ച് ആരാധകപ്പടയെ സ്വാഗതം ചെയ്ത മുശൈരിബിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിലും മൊറോക്കോയും ഫലസ്തീനും മുതൽ അർജന്റീനക്കാർവരെ ആഘോഷിക്കാൻ കുതിച്ചെത്തിയ സൂഖ് വാഖിഫിലും കളിക്കാഴ്ചകളുടെ പൂരപ്പറമ്പായ അൽ ബിദ പാർക്കിലുമെല്ലാം ലോകകപ്പിന്റെ ഗൃഹാതുരമായ ഓർമകൾ അലയടിക്കുന്നു.
ഒരു വ്യാഴവട്ടക്കാലത്തെ ഖത്തറിന്റെ കാത്തിരിപ്പായിരുന്നു ഏറ്റവും മനോഹരമായി കൊണ്ടാടപ്പെട്ടത്. അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്ബാളിനെ സംഘാടനത്തിലും അടിസ്ഥാന സൗകര്യത്തിലും ആതിഥ്യത്തിലുമെല്ലാം ഖത്തർ ഹൃദ്യമാക്കിമാറ്റി. ഒരു നഗരത്തോട് ചുറ്റപ്പെട്ട കളിമുറ്റങ്ങളെല്ലാം ഉത്സവപ്പറമ്പുകളായിരുന്നു. അവിടെ താരങ്ങളും കാണികളും ലോകകപ്പിനെ കളിയുത്സവമാക്കി മാറ്റി. പടിഞ്ഞാറൻ മാധ്യമങ്ങൾ എയ്തുവിട്ട വിമർശന ശരങ്ങൾക്ക് കിക്കോഫ് വിസിൽവരെ മാത്രമേ ആയുസ്സുണ്ടായിരുന്നുന്നുള്ളൂ. തെക്കനമേരിക്കൻ നാടുകളിൽനിന്നും യൂറോപ്പിൽനിന്നും ഒഴുകിയെത്തിയ കാണികൾ ഖത്തർ നൽകിയ ആതിഥ്യത്തിലും ആഘോഷത്തിലും നല്ലവാക്കുകൾ ചൊരിഞ്ഞുകൊണ്ട് മടങ്ങി. ഗാലറിയിലും വളന്റിയർ കുപ്പായത്തിലും ഇന്ത്യക്കാരുടെ ആഘോഷിച്ച ലോകകപ്പെന്നും അടയാളപ്പെടുത്തുന്നു.
-ഖത്തറിലെ സുൽത്താൻ
ഫുട്ബാളിനോളം തന്നെ ഓർമയുണ്ടാവും ലുസൈലിലെ ആ രാത്രി. ഗോളടിച്ചുകൂട്ടി മെസ്സിയും എംബാപ്പെയും മത്സരിച്ച കലാശപ്പോരാട്ടം. ശരാശരി കാൽപന്തു പ്രേമിയുടെ ഹൃദയതാളത്തെപോലും ഒരു നിമിഷം തെറ്റിച്ച വീറുറ്റ ഒരു ഫൈനൽ ഇനി ആവർത്തിക്കുമോ..?. രണ്ടു ഗോളിന്റെ മേധാവിത്വത്തോടെ മുന്നിൽ നിന്ന അർജന്റീനയെ ഓടിച്ചുപിടിച്ച് എംബാപ്പെ തീർത്ത പോരാട്ടവീര്യമായിരുന്നു ആ ഫൈനലിന്റെ ആവേശം. എക്സ്ട്രാ ടൈമിന്റെ ഉദ്വേഗവും പെനാൽറ്റി ഷൂട്ടൗട്ടിലെ നെഞ്ചിടിപ്പും കഴിഞ്ഞ് ലയണൽ മെസ്സി കിരീടമുയർത്തിയ ആ നിമിഷം ഒരു സ്വപ്നംപോലെ മുന്നിലുണ്ട്. ശേഷം, സ്റ്റേഡിയത്തോടെ ചേർന്ന് ഒന്നര കിലോമീറ്റർ നീളമുള്ള ബൊളെവാഡിലൂടെ വിക്ടറി മാർച്ച് മുന്നേറുമ്പോൾ കാൽപന്ത് ലോകത്തിനതൊരു പുതു ചരിത്രപ്പിറവിയായി.
ആദ്യ കളിയിൽ സൗദിയോട് തോറ്റതിനു പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ‘തന്റെ ടീമിൽ വിശ്വസിക്കുക...’ എന്ന് ആവർത്തിച്ച ലയണൽ മെസ്സിയുടെ വാക്കുകൾ വീണ്ടും കാതിൽ മുഴങ്ങി. ഗ്രൂപ് റൗണ്ടിൽ മെക്സികോയെയും പോളണ്ടിനെയും പ്രീക്വാർട്ടറിൽ ആസ്ട്രേലിയൻ വെല്ലുവിളിയും ക്വാർട്ടറിൽ ലൂയി വാൻഗാലിനു മുന്നിൽ നെതർലൻഡ്സിനെയും സെമിയിൽ ലൂകാ മോഡ്രിചിന്റെ ക്രൊയേഷ്യയെയും തരിപ്പണമാക്കി ഫൈനലിലേക്കുള്ള യാത്ര കാൽപന്തു ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.
ഗാലറിയിലെ 80,000ത്തോളം പേരും ലോകമെങ്ങുമുള്ള കോടാനുകോടി മനുഷ്യരും നോക്കിനിൽക്കെ ലയണൽ മെസ്സിയെ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന്റെ പാരമ്പര്യ മേലങ്കിയായ ‘ബിഷ്ത്’ അണിയിച്ച്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്കൊപ്പം സ്വർണകപ്പ് സമ്മാനിച്ച നിമിഷം ലോകം ഏറെ ആഗ്രഹിച്ചത് ഡീഗോ മറഡോണയുടെ സാന്നിധ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.