ലോ​ക​ക​പ്പ്: മുഖം മിനുക്കി, സഞ്ചാരികളെ കാത്ത് ഓൾഡ് തുറമുഖം

ദോഹ: ദോഹയിലെ തുറമുഖത്തെത്തുന്നവർ ഇത് പഴയ ദോഹ തുറമുഖമായിരുന്നോ എന്നാലോചിച്ച് ഒരു നിമിഷമെങ്കിലും തലയിൽ കൈവെച്ച് പോകും. ലോകകപ്പിനായി തലസ്ഥാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ദോഹ തുറമുഖം മാറി.ലോകകപ്പിനെത്തുന്ന ആരാധകരുടെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പഴയ ദോഹ തുറമുഖവും പരിസരവും ക്രൂസ് കപ്പലുകൾക്കായുള്ള മറീനയായി രൂപാന്തരപ്പെടുത്തി. 100 ഷോപ്പുകളും 150 ഹോട്ടൽ അപ്പാർട്മെന്റുകളുമായി തനത് ഖത്തരി വാസ്തുവിദ്യയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഒരു തുറമുഖ നഗരമായി ഇത് അറിയപ്പെടാനിരിക്കുകയാണ്.

ചരക്കുനീക്കം ഹമദ് തുറമുഖത്തേക്ക് മാറ്റിയശേഷം ദോഹ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനും ക്രൂസ് കപ്പലുകൾക്കുള്ള മറീനയായി രൂപാന്തരപ്പെടുത്താനും നാലു വർഷത്തോളം സമയമെടുത്തതായി പഴയ ദോഹ തുറമുഖം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.

എട്ടു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമാണം പൂർത്തിയാക്കിയ പദ്ധതിയിൽ പ്രതിവർഷം മൂന്നു ലക്ഷത്തിലധികം വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള യാത്രക്കാരുടെ പ്രധാന ടെർമിനലും ഉൾപ്പെടുമെന്നും മുഹമ്മദ് അൽ മുല്ല കൂട്ടിച്ചേർത്തു. ക്രൂസ് കപ്പലുകളിലെത്തുന്ന സന്ദർശകരെയും സഞ്ചാരികളെയും സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജമാണ്. ലോകകപ്പ് അവസാനിച്ചാലും ലെഗസി പദ്ധതിയായി ഇത് നിലനിൽക്കുമെന്നും അതുവഴി രാജ്യത്തിന് ഗുണകരമാകുമെന്നും അൽ മുല്ല പറഞ്ഞു. ടൂർണമെന്റിന് മുമ്പായി ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യി വി​ക​സി​പ്പി​ച്ച പ​ഴ​യ തു​റ​മു​ഖം

തുറമുഖപ്രദേശം നവംബർ 15 വരെ വൈകീട്ട് നാലു മുതൽ രാത്രി പത്തുവരെ പ്രവർത്തിക്കും. ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതോടെ ലോകകപ്പിനു മുമ്പ് വൈകീട്ട് നാലു മുതൽ പുലർച്ച രണ്ടുവരെയും പ്രവർത്തിക്കും. ഈ പ്രദേശത്തെ മുഴുവൻ കടകളും ഇതിനകംതന്നെ വാടകക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.

50ലധികം കഫേകളും 100ലധികം ഷോപ്പുകളുമുള്ള മിക്സഡ് യൂസ് ഏരിയകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 150 ഹോട്ടൽ അപ്പാർട്മെന്റുകളും 30 റൂമുകളുള്ള ഒരു പ്രധാന ഹോട്ടലും ഇവിടെ പ്രവർത്തിക്കും. 30 റൂമുകളുള്ള പദ്ധതിയുടെ രൂപകൽപന ഷിപ്പിങ് കണ്ടെയ്നറുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.12000 പേർക്ക് താമസിക്കാൻ സാധിക്കുന്ന മൂന്ന് ഒഴുകുന്ന (േഫ്ലാട്ടിങ്) ഹോട്ടലുകൾക്ക് തുറമുഖം സൗകര്യമൊരുക്കും. നവംബർ 10, 14, 18 തീയതികളിലായി ഹോട്ടലുകൾ തുറമുഖത്തെത്തുമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ഇതിന്റെ റിസർവേഷൻ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം കോർണിഷിന്റെതന്നെ ഭാഗമാണ്. കോർണിഷിലേക്ക് പ്രവേശിക്കുന്നതിനുള്ള അതേ നടപടികളും ഇവിടെ ആവശ്യമാണ്. ഹയ്യാ കാർഡ്, ജീവനക്കാർ, ജോലിചെയ്യുന്ന കേഡർമാർ, വാടകക്കാർ, ഫ്ലോട്ടിങ് ഹോട്ടലുകളിലെ അതിഥികൾ എന്നിവക്കുള്ള ഔദ്യോഗിക പെർമിറ്റുകൾ എന്നിവ ഉപയോഗിച്ച് മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ആരാധകർക്ക് കാൽനടയായി തുറമുഖത്തേക്ക് വരാൻ അനുമതിയുണ്ട്.

ലോകകപ്പ് സമയത്ത് ആരാധകരെ എത്തിക്കുന്നതിനുള്ള ബസ് സ്റ്റോപ്പുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മെേട്രാ വഴി എത്തുന്നവർക്ക് അഞ്ഞൂറ് മീറ്റർ അകലെയുള്ള ഖത്തർ നാഷനൽ മ്യൂസിയം മെേട്രാ സ്റ്റേഷനും ഉപയോഗിക്കാം. കോർണിഷിനും സ്റ്റേഡിയം 974നും സമീപത്തായി സ്ഥിതിചെയ്യുന്ന തുറമുഖം ലോകകപ്പ് ആരാധകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - World Cup: The Old Port is waiting for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.