ചാവി ഖത്തർ വിട്ടു; ഇനി ബാഴ്​സയുടെ സൂപ്പർ കോച്ച്​

ദോഹ: ഒടുവിൽ ബാഴ്​സലോണയുടെ ശ്രമങ്ങൾ വിജയം കണ്ടു. സ്​പാനിഷ്​ ഇതിഹാസ താരം ചാവി ​ഹെർണാണ്ടസ്​ പരിശീലക കുപ്പായത്തിൽ തൻെറ പഴയ തട്ടകത്തിലേക്ക്​. നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾ​ക്കുമൊടുവിൽ തങ്ങളുടെ സൂപ്പർ കോച്ചിനെ വിട്ടു നൽകാൻ ഖത്തർ ക്ലബായ അൽ സദ്ദ്​ തീരുമാനിച്ചതോടെ ആഴ്​ച നീണ്ട ബാഴ്​സലോണയുടെ ശ്രമങ്ങൾ വിജയം കണ്ടു. സ്​പാനിഷ്​ വമ്പന്മാരുടെ പരിശീലകനായി ചാവി ഹെർണാണ്ടസ്​ ഉടൻ സ്​ഥാനമേൽക്കും. ഒരാഴ്​ച മുമ്പ്​ പുറത്താക്കിയ റൊണാൾഡ്​ കൂമാൻെറ പകരക്കാരനായാണ്​ രണ്ടര പതിറ്റാണ്ട​ുകാലം കാറ്റലോണിയ വാണ ചാവി പരിശീലകനായി തിരികെയെത്തുന്നത്​. കോച്ചിനെ പുറത്താക്കിയതിനു പിന്നാലെ മുൻ താരതതിനു വേണ്ടി ബാഴ്സ ചരടുവലികൾ തുടങ്ങിയിരുന്നു. എന്നാൽ, ഖത്തർ സ്​റ്റാർസ്​ ലീഗിലെ ഒന്നാം നമ്പർ ടീമായ അൽ സദ്ദ്​ തങ്ങളുടെ സൂപ്പർകോച്ചിനെ വിട്ടുകൊടുക്കില്ലെന്ന്​ പ്രഖ്യാപിച്ചു. കരാർ ബാക്കിനിൽക്കെ വിട്ടുനൽകില്ലെന്ന്​ ക്ലബ്​ അസന്നിഗ്​ധമായി പ്രഖ്യാപിക്കുകയും ചെയ്​തു. തുടർന്ന്​ ബുധനാനാഴ്​ച ബാഴ്​സലോണ വൈസ്​ പ്രസിഡൻറ്​ റഫ യൂസ്​തെ, ഫുട്​ബാൾ ഡയറക്​ടർ മത്യൂ അൽമനി എന്നിവർ ദോഹയിലെത്തിയ നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ അൽ സദ്ദ്​ വഴങ്ങിയത്​.

വെള്ളിയാഴ്​ച ഉച്ചയോടെ സദ്ദ്​ സി.ഇ.ഒ തുർക്കി അൽ അലി ചാവിയുടെ മടക്കം സ്​ഥിരീകരിക്കുകയായിരുന്നു. കരാർപ്രകാരമുള്ള ബയ്​ ഔട്ട്​ തുക നൽകാമെന്ന വ്യവസ്​ഥയിലാണ്​ റിലീസ്​ അനുവദിച്ചത്​

'ബാഴ്‌സലോണയിലേക്കുള്ള ചാവിയുടെ ട്രാൻസ്‌ഫർ അൽ സദ്ദ് നേതൃത്വം അംഗീകരിച്ചു. കോൺട്രാക്റ്റിൽ ഉൾപ്പെട്ട ഉടമ്പടി പ്രകാരമുള്ള റിലീസ് ക്ളോസ് നൽകിയാണ് ട്രാൻസ്‌ഫർ. ബാഴ്‌സലോണയുമായി ഭാവിയിൽ സഹകരിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി. അൽ സദ്ദിൻെറ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് സാവി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു' -ക്ലബ്​ ട്വിറ്ററിൽ കുറിച്ചു.

1991ൽ യൂത്ത്​ ടീമിൽ അംഗമായി 24 വർഷം ബാഴ്​സലോണയുടെ താരമായി നിറഞ്ഞു നിന്ന സാവി, 2015ലാണ്​ ഖത്തർ ക്ലബായ അൽസദ്ദിലെത്തുന്നത്​. ബാഴ്​സലോണ സീനിയർ ടീമിൽ 17 വർഷകൊണ്ട്​ 505 മത്സരങ്ങൾ കളിച്ച താരം അൽസദ്ദിൽ കളിക്കാരനായാണ്​ വന്നത്​. ശേഷം, 2019ൽ പരിശീലക കുപ്പായവും ഏറ്റെടുത്തു. 2020 ആഗസ്​റ്റിൽ ക്വികെ സെത്യാനെ പുറത്താക്കിയതിനു പിന്നാലെ സാവിയെ പരിശീലകനായി നിയമിക്കാൻ ശ്രമിച്ചെങ്കിലും മുൻ സ്​പാനിഷ്​ താരം പിൻവാങ്ങുകയായിരുന്നു. തുടർന്നാണ്​ ​നെതർലൻഡ്​സ്​ പരിശീലകനായ കൂമാനെ നൂകാംപിലെത്തിച്ചത്​. ആ പരീക്ഷണവും പാളിയതോടെ മധ്യനിരയിലെ പഴയ മജീഷ്യനിൽ തന്നെ ബാഴ്​സലോണ വിശ്വസമർപ്പിക്കുകയാണ്​.

Tags:    
News Summary - Xavi Hernandez to leave Al Sadd club to become new Barcelona head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.