വലിയ പ്രതീക്ഷകളോടെയാണ് ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ലീഡ്സ് യുനൈറ്റഡ് വിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിൽ എത്തുന്നത്. എന്നാൽ സീസണിൽ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ടീമിന് ലീഗ് കിരീടം നേടാനായി. വിവിധ ചാമ്പ്യൻഷിപ്പുകളിലായി 50 മത്സരങ്ങളിൽനിന്ന് ബാഴ്സക്കായി 10 ഗോളുകൾ നേടിയിട്ടുണ്ട്. 12 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
എന്നാൽ, യൂറോപ്യൻ ഫുട്ബാളിലെ വമ്പൻതാരങ്ങൾക്കു പിന്നാലെ ഓടുകയാണ് സൗദി ക്ലബുകൾ. നിലവിൽ ഒരു പിടിയോളം കളിക്കാരാണ് സൗദി അറേബ്യൻ ക്ലബുകളുടെ ഭാഗമായത്. സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെ ടീമിലെത്തിച്ചു. ഫ്രഞ്ച് താരം എംഗോളോ കാന്റെയും ക്ലബിലെത്തി. സെനഗാലിന്റെ കാലിദൊ കൗലിബാലിയെയും വോൾവ്‌സിന്റെ പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും അൽ ഹിലാൽ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
നേരത്തെ, റെക്കോഡ് തുകക്കാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ ടീമിലെത്തിച്ചത്. ബ്രസീലിയർ സൂപ്പർ വിങ്ങർ റാഫീഞ്ഞയെ വാങ്ങാൻ താൽപര്യം അറിയിച്ച് പല സൗദി ക്ലബുകളും രംഗത്തെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാഴ്സയെ ഈ ക്ലബുകൾ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, താരത്തെ വിട്ടുകൊടുക്കാൻ ബാഴ്സ പരിശീലകൻ സാവി ഒരുക്കമല്ല. ടീമിന്‍റെ സീനിയർ താരങ്ങളിൽ പ്രധാനിയാണ് റാഫീഞ്ഞയെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തങ്ങളുടെ സ്റ്റാർ കളിക്കാരെ വിൽക്കില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലാപോർട്ടയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ‘ക്രിസ്റ്റെൻസൻ, ഗാവി, പെഡ്രി, അരൗജോ, അൻസു, റാഫീഞ്ഞ, ബാൽഡെ എന്നിവർക്കായി ഞങ്ങൾക്ക് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ഞങ്ങൾ ഒരു വിൽപന ക്ലബല്ല, ഞങ്ങളുടെ സൂപ്പർ താരങ്ങളെ വിൽക്കാനും ഉദ്ദേശ്യമില്ല’ -ലാപോർട്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.