മഡ്രിഡ്: ലാ ലീഗയിൽ പോരാട്ടങ്ങൾക്ക് ചൂടുപിടിച്ചുതുടങ്ങിയ ഘട്ടത്തിൽ ടീമിനെ കൂടുതൽ കരുത്തരാക്കാൻ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലേക്ക് ഉറ്റുനോക്കുകയാണ് ബാഴ്സലോണ. നേരത്തേ, സമ്മർ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ കണക്കുകൂട്ടിയ കളിക്കാരനെ നൂകാംപിലേക്ക് ആനയിക്കാൻ കഴിയാതെപോയ നിരാശ ജനുവരിയിൽ മാറ്റിയെഴുതാൻ കച്ച മുറുക്കുകയാണ് കോച്ച് സാവി ഹെർണാണ്ടസ്.
റയൽ ബെറ്റിസിന്റെ അർജന്റീന മിഡ്ഫീൽഡർ ഗ്വിഡോ റോഡ്രിഗ്വസിനെയാണ് ബാഴ്സലോണ ഉന്നമിടുന്നത്. 29കാരനായ ഡിഫൻസിവ് മിഡ്ഫീൽഡർ കുറച്ചുകാലമായി ബാഴ്സയുടെ നോട്ടപ്പുള്ളിയാണ്. സെർജിയോ ബുസ്ക്വറ്റ്സിനു ശേഷം ഈ പൊസിഷനിൽ വിശ്വസ്തനായ ഒരാളെ തേടുകയാണ് ക്ലബ്.
ബെറ്റിസുമായുള്ള ഗ്വിഡോയുടെ കരാർ അടുത്ത ജൂണിൽ അവസാനിക്കും. ജനുവരിയിൽ താരത്തെ ടീമിലെത്തിക്കാനാവുമെന്നാണ് ബാഴ്സയുടെ പ്രതീക്ഷ. ബെറ്റിസിന്റെ കരുനീക്കങ്ങളിൽ അവിഭാജ്യ ഘടകമായ താരം കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലാണിപ്പോൾ. ബാഴ്സക്കെതിരെ ശനിയാഴ്ച നടന്ന ലാ ലീഗ മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്.
ക്ലബുമായി പുതിയ കരാറിലേർപ്പെട്ടില്ലെങ്കിൽ ജനുവരി ട്രാൻസ്ഫറിൽ ഗ്വിഡോയെ ബെറ്റിസ് ബാഴ്സലോണക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഖത്തർ ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീന ടീമിൽ അംഗമായിരുന്നു ഗ്വിഡോ റോഡ്രിഗ്വസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.