ഇസ്‍ലാമാബാദ്: ട്വന്റി 20 ഫോർമാറ്റിൽനിന്ന് രോഹിത് ശർമ വിരമിച്ചതോടെ ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാർ യാദവിന് നായക സ്ഥാനം നൽകിയതിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറിനെയും പരിഹസിച്ച് മുൻ പാകിസ്താൻ നായകൻ റാഷിദ് ലത്തീഫ്. ഹാർദിക് പാണ്ഡ്യക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്നും എപ്പോഴും ലഭ്യമായ ഒരാളെയാണ് നായകനായി വേണ്ടതെന്നുമാണ് സൂര്യയെ നായകനാക്കാനുള്ള കാരണമായി ഗംഭീറും അഗാർക്കറും വിശദീകരിച്ചത്.
ഹാർദിക്കിന് വൈസ് ക്യാപ്റ്റൻ സ്ഥാനവും നൽകാതിരുന്നതോടെ മുൻ താരങ്ങളടക്കം നിരവധി പേർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിലാണ് മുൻ പാക് നായകനും പങ്കുചേർന്നത്. ഹാർദിക്കിനെ ക്യാപ്റ്റനാക്കാത്തതിന് ഫിറ്റ്‌നസ് ഒരു ഒഴികഴിവ് മാത്രമാണെന്നും അവന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്ന് സെലക്ടർമാർ അവകാശപ്പെടുന്നുണ്ടെങ്കിൽ, അവനൊരു അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്നും ലത്തീഫ് പരിഹസിച്ചു.
സൂപ്പർ ഫിറ്റായിരുന്നില്ലെങ്കിലും മികച്ച ക്യാപ്റ്റന്മാരായി മാറിയ നിരവധി താരങ്ങളുണ്ട്. അതിനാൽ, ഇത് ഒരു ഒഴികഴിവ് മാത്രമാണെന്ന് ഞാൻ കരുതുന്നു. കാരണം, സൂര്യ ചിത്രത്തിലില്ലായിരുന്നുവെങ്കിൽ, ഭാവി കൂടി പരിഗണിച്ച് ഋഷഭ് പന്ത് ക്യാപ്റ്റനാകുമായിരുന്നെന്നും ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.