കൊച്ചി: ആവേശം നിറഞ്ഞുപൊങ്ങിയ പോൾവാൾട്ട് പോരാട്ടത്തിൽ ‘സ്വർണപക്ഷി’യായി അമൽചിത്ര പറന്നിറങ്ങിയപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനമായിരുന്നു അവളെ കാത്തിരുന്നത്. പിറന്നാൾ ദിനത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച് മകൾ സ്വർണം നേടിയതോടെ ട്രാക്കിനുപുറത്ത് മത്സരം കൺചിമ്മാതെ നോക്കിനിന്ന ഒരച്ഛന്റെ സന്തോഷം മഹാരാജാസ് സ്റ്റേഡിയമാകെ ‘പരന്നോടി’.
ബാരിക്കേഡുകളെല്ലാം മറികടന്ന് ട്രാക്കിലെത്തിയ അച്ഛൻ പൊന്നുമോൾക്ക് നൽകിയ ആ സ്വർണമുത്തം അവളെ സന്തോഷ കണ്ണീരിലാഴ്ത്തി. പിന്നാലെ പിശീലകരും അച്ഛനും ട്രാക്കിൽവെച്ച് തന്നെ മകളുടെ പേരെഴുതിയ കേക്ക് മുറിച്ചു. ഈ സമയം പുറത്ത് കൂടി നിന്ന അവളുടെ കൂട്ടുക്കാരും മറ്റു അധ്യാപകരും തുരുതുരാ ആശംസകൾ നേർന്ന് ആഘോഷം ‘പ്രകമ്പനമാക്കി’. സന്തോഷം നിറഞ്ഞു കവിഞ്ഞ ആ സുന്ദരട്രാക്കിൽ തനിക്ക് ഇതിലപ്പുറം വലിയ സമ്മാനം കിട്ടാനില്ലെന്ന് അവൾ പറഞ്ഞു. മകളുടെ നേട്ടത്തിൽ അഭിമാനം വാനോളം മുട്ടിയ അച്ഛൻ സുധീഷിന് എന്തുപറയണമെന്നറിയില്ലായിരുന്നു.
താനൊരു ആംബുലൻസ് ഡ്രൈവാറാണെന്നും തിരക്കിനിടയിലും സമയം കണ്ടെത്തി തന്റെ മകളുടെ നേട്ടത്തിന് സാക്ഷിയാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കെ.പി സുധീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കടകശ്ശേരി ഐഡിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് തൃശൂർ താണിക്കുടം സ്വദേശിയ അമൽ ചിത്ര.
കോച്ച് കെ.പി അഖിലിന്റെ ചിട്ടയായ പരിശീലനവും ട്രാക്കിനു പുറത്ത് ഒരോ അവസരത്തിനു മുമ്പും അദ്ദേഹം നൽകിയ പ്രചോദനം ഉൾകൊണ്ടായിരുന്നു അവൾ മാനം നോക്കി കുതിച്ചത്. ഒരുവേള വെള്ളി നേടിയ മാർബേസിൽ താരത്തിന്റെ പിന്നിലാവുമെന്ന് തോന്നിച്ചെങ്കിലും 2.90 മീറ്റർ ഉയരംതാണ്ടി ശക്തമായ തിരിച്ചുവരവാണ് അമൽ നടത്തിയത്. 2.50 മീറ്ററായിരുന്നു ഇതുവരെയുള്ള അമൽ ചിത്രയുടെ മികച്ച ഉയരം. കായികമേള ചരിത്രത്തിൽ പോൾവോൾട്ടിൽ മലപ്പുറത്തിന്റെ ആദ്യസ്വർണമെന്ന അപൂർവനേട്ടവും അമൽചിത്രക്കൊപ്പം രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.