ദുബൈ: ട്വന്റി20 വനിത ലോകകപ്പിൽ സെമി ഫൈനൽ സാധ്യത നിലനിർത്താൻ വൻവിജയം അനിവാര്യമായ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ മികച്ച സ്കോർ. ഗ്രൂപ് എയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 172 റൺസെടുത്തു.
ഓപണർമാരായ സ്മൃതി മന്ദാനയും (38 പന്തിൽ 50) ഷഫാലി വർമയും (40 പന്തിൽ 43) നൽകിയ അടിത്തറയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് കൂടിയായതോടെയാണ് (27 പന്തിൽ 52) സ്കോർ 170 കടന്നത്. മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ആദ്യ ഇലവനിൽ തുടർന്നു.
സ്വപ്ന തുല്യമായ തുടക്കമാണ് സ്മൃതി ഷഫാലിയും ചേർന്ന് നൽകിയത്. ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇവർ സ്കോർ അതിവേഗം മുന്നോട്ട് നീക്കി. ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന സ്മൃതി 36 പന്തിൽ അർധ ശതകം തികച്ചു. പിന്നാലെ മടക്കവും. 13ാം ഓവറിൽ ടീം സ്കോർ 98ൽ സ്മൃതി റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ ഷഫാലിയെ വിഷ്മി ഗുണരത്നെയുടെ കൈകളിലേക്കയച്ചു ചമാരി അത്തപ്പത്തു. രണ്ടിന് 98.
കൗറും ജെമീമ റോഡ്രിഗസും ദൗത്യം ഏറ്റെടുത്തു. 10 പന്തിൽ 16 റൺസ് ചേർത്ത ജെമീമയെ 17ാം ഓവറിൽ അമ കാഞ്ചന പുറത്താക്കുമ്പോൾ സ്കോർ 128. അവസാന ഓവറുകളിൽ ഹർമൻ കത്തിക്കയറി. എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.