പാരിസ്: തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും യുക്രെയ്ന് വേണ്ടി മെഡൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് സാൻ ബെലന്യൂക്. ഗുസ്‍തിയിൽ 85 കിലോഗ്രാം ഗ്രീകോ-റോമൻ ഇനത്തിൽ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ കളമൊഴിയൽ പ്രഖ്യാപിച്ച താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. കാരണം മറ്റൊന്നുമല്ല, നിലവിൽ യുക്രെയ്ൻ പാർലമെന്റ് അംഗം കൂടിയാണ് ബെലന്യൂക്.
റഷ്യയുമായുള്ള യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രതിനിധിയായെത്തി യുക്രെയ്ൻ ദേശീയ നൃത്തമായ ‘ഹോപക്’ കാണികൾക്ക് മുമ്പിൽ അവതരിപ്പിച്ചാണ് ഗോദ വിടുന്നതായി താരം പ്രഖ്യാപിച്ചത്. തന്റെ റസ്‍ലിങ് ബൂട്ടുകൾ അഴിച്ചുവെച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്താണ് ഇനി കളത്തിലേക്കില്ലെന്ന് അറിയിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ പോളണ്ടിന്റെ അർകാദിയൂസിനെ വീഴ്ത്തിയാണ് 24 വർഷത്തെ കരിയർ അവസാനിപ്പിച്ചത്. 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിയും 2020ലെ ടോക്യോ ഒളിമ്പിക്സിൽ സ്വർണവും നേടിയ താരമാണ് സാൻ. രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രണ്ടുതവണ ലോക ഗുസ്തി ചാമ്പ്യൻ കൂടിയായ താരത്തിന്റെ ലക്ഷ്യം.
മെഡൽ നേട്ടത്തിന് പിന്നാലെ തന്റെ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും താരം പങ്കുവെച്ചു. ‘ഇന്ന് മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ, ഒരു യുക്രേനിയൻ പൗരനെന്ന നിലയിലും കായികതാരമെന്ന നിലയിലും രാജ്യത്തിന്റെ ഭാവി വളരെ പ്രധാനമാണ്. നിർഭാഗ്യവശാൽ, ഞങ്ങളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കറിയില്ല. ഇതൊരു മനോഹരമായ കരിയറായിരുന്നു. എല്ലാവർക്കും അവരുടെ കരിയറിന് അത്തരമൊരു ഗംഭീരമായ അവസാനം ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ മെഡൽ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഞാനത് എൻ്റെ രാജ്യവുമായി പങ്കിടുന്നു. ഇപ്പോൾ യുദ്ധം ചെയ്യുന്ന എല്ലാവരുമായും ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്ന എല്ലാ സൈനികരുമായും ഞാൻ ഇത് പങ്കിടുന്നു’ -താരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
1991ൽ റുവാണ്ടൻ പിതാവിന്റെയും യുക്രെയ്ൻ മാതാവിന്റെയും മകനായാണ് സാൻ ജനിച്ചത്. ഒമ്പതാം വയസ്സിലാണ് ഗുസിതി അഭ്യസിച്ചുതുടങ്ങിയത്. 2019ലെ യുക്രെയ്ൻ തെരഞ്ഞെടുപ്പിൽ സെർവന്റ്സ് ഓഫ് പീപിൾ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചാണ് പാർലമെന്റിലെ ആദ്യ കറുത്ത വംശജനായി സാൻ ബെലന്യൂക് തെരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.