സെഞ്ച്വറിക്കരികെ വീണ് ഫെർണാണ്ടോ, പരാഗിന് മൂന്നു വിക്കറ്റ്; ഇന്ത്യക്ക് 249 റൺസ് വിജയലക്ഷ്യം

കൊളംബോ: സെഞ്ച്വറിക്കരികെ മടങ്ങിയ ഓപണർ അവിഷ്‍ക ഫെർണാണ്ടോയു​ടെ ബാറ്റിങ് മികവിൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മുമ്പിൽ 249 റൺസിന്റെ വിജയലക്ഷ്യമൊരുക്കി ശ്രീലങ്ക. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 248 റൺസിലെത്തിയത്. ഇന്ത്യൻ ബൗളർമാരിൽ മൂന്ന് വിക്കറ്റുമായി റിയാൻ പരാഗാണ് മികച്ചുനിന്നത്.

​കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ അവിഷ്‍ക ഫെർണാണ്ടോയും പതും നിസ്സങ്കയും ചേർന്ന് മികച്ച തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. മുഹമ്മദ് സിറാജിനെ കണക്കിന് ശിക്ഷിച്ച ഇരുവരും തുടക്കത്തിൽ തന്നെ ബൗൾ ചെയ്യാനെത്തിയ ശിവം ദുബെയെ കരുതലോടെയാണ് നേരിട്ടത്. 19.5 ഓവറിൽ 89 റൺസിലെത്തിയ കൂട്ടുകെട്ട് അക്സർ പട്ടേലാണ് പൊളിച്ചത്. 65 പന്തിൽ 45 റൺസ് നേടിയ നിസ്സങ്കയെ വിക്കറ്റ് കീപ്പർ ഋഷബ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

തുടർന്നെത്തിയ കുശാൽ മെൻഡിസും കീഴടങ്ങാൻ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യൻ ബൗളർമാർ കുഴങ്ങി. 102 പന്ത് നേരിട്ട് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 96 റൺസെടുത്ത ഫെർണാണ്ടോയെ റിയാൻ പരാഗ് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെയാണ് ഇന്ത്യ കാത്തിരുന്ന വഴിത്തിരിവുണ്ടായത്. തുടർന്നെത്തിയവർ വഴിക്കുവഴിയെ തിരിച്ചുകയറിയത് ശ്രീലങ്കക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ചരിത് അസലങ്ക (10), സദീര സമരവിക്രമ (0), ജാനിത് ലിയാനഗെ (8), ദുനിത് വെല്ലാലഗെ (2) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന കുശാൽ മെൻഡിസാണ് (82 പന്തിൽ 59) സ്കോർ 250നടുത്തെത്തിച്ചത്. കമിന്ദു മെൻഡിസും (23) മഹീഷ് തീക്ഷണയും (3) പുറത്താകാതെനിന്നു.

ഇന്ത്യക്കായി റയാൻ പരാഗ് ഒമ്പതോവറിൽ 54 റൺസ് വഴങ്ങി മൂന്നുപേരെ മടക്കിയപ്പോൾ മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.

മത്സരം ജയിച്ചാൽ ശ്രീലങ്കക്ക് 27 വർഷത്തിന് ശേഷം ഇന്ത്യക്കെതിരെ പരമ്പര സ്വന്തമാക്കാം. അതേസമയം, നാണക്കേട് ഒഴിവാക്കാൻ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. ആദ്യ മത്സരം ടൈയിൽ കലാശിച്ചപ്പോൾ രണ്ടാമത്തേതിൽ ശ്രീലങ്ക 32 റൺസിന് ജയിച്ചിരുന്നു.    

Tags:    
News Summary - India set target of 249 runs against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.