കാർലോസ് ആൽബർടോ, പെലെ, ജെയർസീന്യോ ഉൾപ്പെടെയുള്ളവർ അണിനിരന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ ടീം, ഗോർഡൻ ബാങ്ക്സ്, ബോബി മൂർ, ബോബി ചാൾട്ടൻ, ജെഫ് ഹോസ്റ്റ് എന്നിവരുടെ മികവിൽ നാലുവർഷം മുമ്പ് കിരീടം നിലനിർത്തിയ തലയെടുപ്പുമായി ഇംഗ്ലണ്ട്, ഫ്രാൻസ് ബെക്കൻബോവർ, ഗെർഡ് മുള്ളർ എന്നിവരുടെ പശ്ചിമ ജർമനി.
പിന്നെ, അട്ടിമറി കരുത്തുമായി ഇറ്റലിയും ഉറുഗ്വായും ഉൾപ്പെടെയുള്ളവരും. പ്രമുഖ താരനിരകളുമായി മിന്നും പോരാട്ടങ്ങൾക്കായിരുന്നു മെക്സികോയിൽ വിസിൽ മുഴങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും, പെലെയുടെ ബ്രസീലും ഒരേ ഗ്രൂപ്പിലായിരുന്നു. ആദ്യ കളിയിൽ തന്നെ ബ്രസീൽ ഇംഗ്ലീഷുകാരെ വീഴ്ത്തി. പെലെയുടെ ഗോൾ ശ്രമം ഉജ്ജ്വലമായ സേവിലൂടെ തട്ടിയകറ്റിയ ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സിന്‍റെ രക്ഷാപ്രവർത്തനം കാൽപന്ത് ആരാധകർക്കിടയിൽ എന്നും രോമാഞ്ചമായി. എങ്കിലും ഒന്നും രണ്ടും
സ്ഥാനക്കാരായി ബ്രസീലും ഇംഗ്ലണ്ടും ക്വാർട്ടറിൽ കടന്നിരുന്നു. സോവിയറ്റ് യൂനിയൻ, മെക്സികോ, ഇറ്റലി, ഉറുഗ്വായ്, പശ്ചിമ ജർമനി, പെറു തുടങ്ങിയവരും ക്വാർട്ടർ ഉറപ്പിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ബെക്കൻബോവറുടെ ജർമനി വീഴ്ത്തി. ആതിഥേയരായ മെക്സികോയെ പുറത്താക്കി ഇറ്റലിയും, പെറുവിനെ വീഴ്ത്തി ബ്രസീലും സെമിയിൽ കടന്നു. അവിടെ മുൻ ചാമ്പ്യന്മാരായ ഉറുഗ്വായെ അനായാസം കീഴടക്കിയായിരുന്നു ബ്രസീലിന്‍റെ ഫൈനൽ പ്രവേശനം.
പശ്ചിമ ജർമനിയുടെ കിരീട മോഹങ്ങളെ അട്ടിമറിച്ച് ഇറ്റലി അധികസമയത്തെ ഉജ്ജ്വല വിജയവുമായി ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിൽ, ജർമനിയുടെ അസാന്നിധ്യം ബ്രസീലിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ടീം ഒന്നടങ്കം നിറഞ്ഞാടിയ അങ്കത്തിനൊടുവിൽ ബ്രസീലിന് കിരീട വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.