കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ടീം

ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ വീണ്ടും പാലക്കാടൻ വീരഗാഥ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിൽ ആവേശം പെയ്തിറങ്ങിയ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ പാലക്കാട് കിരീടം നിലനിർത്തി.

സമാപന ദിവസത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാടൻ കായികക്കാറ്റ് ആഞ്ഞടിച്ചത്. 520 പോയന്‍റ് നേടിയാണ് പാലക്കാട് ഓവറോൾ കിരീടം നേടിയത്. 370 പോയന്‍റോടെ എറണാകുളം രണ്ടാം സ്ഥാനത്തും 352 പോയന്‍റോടെ ആതിഥേയരായ മലപ്പുറം മൂന്നാമതുമെത്തി. നാലാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 329 പോയന്‍റാണ്. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന കോഴിക്കോട് ഇക്കുറി 220 പോയന്‍റുമായി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വർഷങ്ങളായി ജൂനിയർ മീറ്റിലെ പാലക്കാടിന്‍റെ ആധിപത്യത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസവും ട്രാക്കിൽ കണ്ടത്. എട്ട് വിഭാഗങ്ങളിലായി നടന്ന അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 14 എന്നിവയിലൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും പാലക്കാട് വ്യക്തമായ മേധാവിത്വമാണ് നേടിയത്.

നാല് മീറ്റ് റെക്കോഡ് കൂടി

സമാപന ദിവസം അണ്ടർ 16 (ആൺ) 300 മീറ്റർ ഓട്ടത്തിൽ 37.14 സെക്കൻഡിൽ തിരുവനന്തപുരത്തിന്‍റെ ഫെമിക്സ് റിജേഷ് റെക്കോഡോടെ സ്വർണം നേടി. അണ്ടർ 16 (ആൺ) ഹെക്സാത്തലണിലും 3264 പോയന്‍റോടെ ഫെമിക്സ് റിജേഷ് മീറ്റ് റെക്കോഡിട്ട് ശ്രദ്ധേയനായി.

അണ്ടർ 18 (ആൺ) 800 മീറ്ററിൽ പാലക്കാടിന്‍റെ ജെ. ബിജോയി പുതിയ സമയം കുറിച്ചു. ഒരു മിനിറ്റ് 53 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബിജോയിയുടെ റെക്കോഡ് നേട്ടം. അണ്ടർ 20 (ആൺ) ഡെക്കാത്തലണിൽ തിരുവനന്തപുരത്തിന്‍റെ എൻ. തൗഫീഖാണ് മറ്റൊരു റെക്കോഡ് നേട്ടത്തിനുടമ. സൗത്ത് സോൺ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, നാഷനൽ ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്, നാഷനൽ ഓപൺ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് തുടങ്ങിയവയിലേക്കുള്ള കേരള ടീമിന്റെ സെലക്ഷൻ ഈ മീറ്റിൽനിന്നായിരിക്കും.

Tags:    
News Summary - Junior athletics meet; Palakkad champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.