പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ മനു ഭാകറും ജാവ്‍ലിൻ ത്രോ താരം നീരജ് ചോപ്രയും തമ്മിലുള്ള 'വിവാഹ' വാർത്തകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ നിറയെ. പാരീസ് ഒളിമ്പിക്സിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നീരജ് ചോപ്ര പങ്കെടുത്തിരുന്നു. മനുവും അമ്മയും ഉണ്ടായിരുന്നു അവിടെ. മൂന്നുപേരും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് മനുവിനെ നീരജിനെ വിവാഹം കഴിപ്പിച്ചു കൊടുത്തുകൂടെ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇറങ്ങിത്തിരിച്ചത്.
ഒടുവിൽ വിവാഹക്കാര്യത്തിൽ പ്രതികരണവുമായി മനുവിന്റെ അച്ഛൻ തന്നെ രംഗത്തെത്തി. തന്റെ മകൾക്ക് വിവാഹപ്രായമായിട്ടില്ലെന്നും ചെറിയ കുട്ടിയാണ് അവളെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''മനു ചെറിയ കുട്ടിയാണ്. അവൾക്ക് വിവാഹ പ്രായം പോലും ആയിട്ടില്ല. അതെകുറിച്ച് ഇപ്പോൾ ചിന്തിക്കുന്നുപോലുമില്ല.'-എന്നായിരുന്നു അഭ്യൂഹങ്ങളെല്ലാം തള്ളി രാം കിഷന്റെ മറുപടി.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ നീരജും മനുവിന്റെ അമ്മയും വളരെ അടുത്തയാളുകളെ പോലെയാണ് സംസാരിക്കുന്നത്. നീരജും മനുവും തമ്മിലുള്ള ചിത്രങ്ങളിലും അങ്ങനെ തന്നെ. ഇവർക്കിടയിൽ എന്തോ ഒരു ബോണ്ട് ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും രാം കിഷന്‍ വെളിപ്പെടുത്തി.
പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ നീരജിന്റെ വിവാഹക്കാര്യത്തിൽ അമ്മാവനും പ്രതികരിച്ചിട്ടുണ്ട്.നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ രാജ്യം മുഴുവൻ അതറിഞ്ഞു. അതുപോലെ അവന്റെ വിവാഹവും എല്ലാവരെയും അറിയിച്ചു തന്നെ നടത്തും.-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാരിസ് ഒളിമ്പിക്സിൽ രണ്ട് വ്യത്യസ്ത ഷൂട്ടിങ് ഇനങ്ങളിൽ മനുവിന് രണ്ട് വെങ്കല മെഡലുകളാണ് ലഭിച്ചത്. നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിൽ സ്വർണം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.