അഞ്ചടിച്ച് റയൽ കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ; ഡിപ്പോർടീവ മിനെറയെ വീഴ്ത്തിയത് 5-0ത്തിന്

റയൽ: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് കോപ ഡെൽ റേ പ്രീ-ക്വാർട്ടറിൽ. നാലാംനിര ക്ലബ് ഡിപ്പോർടീവ മിനെറയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്.

യുവ സ്ട്രൈക്കർ അർദ ഗുലർ ഇരട്ടഗോളുമായി തിളങ്ങി. 28, 88 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ഫെഡെറികോ വാൽവെർദെ, എഡ്വേഡോ കമവിംഗ, ലൂക്ക മോഡ്രിച് എന്നിവരും വലകുലുക്കി. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ റയൽ ലീഡെടുത്തു. വാൽവെർദെയുടെ ഒരു മനോഹര വോളിയാണ് എതിരാളികളുടെ വലകുലുക്കിയത്. ഇതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനുമുമ്പേ, എട്ടു മിനിറ്റിനുള്ളിൽ കമവിംഗ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ലീഡ് വർധിപ്പിച്ചു.

ഫ്രാൻ ഗാർസിയയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ വാൽവെർദെയുടെ അസിസ്റ്റിൽ അർദ ഗുലർ 28ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. 3-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിൽ മോഡ്രിച് ഡയസിന്‍റെ അസിസ്റ്റിൽ ലീഡ് വീണ്ടും ഉയർത്തി. നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെയാണ് ഗുലർ രണ്ടാമത്തെ ഗോളും നേടി പട്ടിക പൂർത്തിയാക്കിയത്. ഗാർസിയയാണ് അസിസ്റ്റ് നൽകിയത്.

കഴിഞ്ഞദിവസം ദുർബലരായ ബർബസ്ട്രോയെ എതിരില്ലാത്ത നാലു ഗോളിന് വീഴ്ത്തി ബാഴ്സലോണയും കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. റോബർട്ട് ലെവൻഡോവ്സ്കി രണ്ടു ഗോളുകളുമായി നിറഞ്ഞാടിയ ദിനത്തിൽ എറിക് ഗാർസിയ, പാബ്ലോ ടോറെ എന്നിവരും വല കുലുക്കി. രജിസ്ട്രേഷൻ കാലാവധി തീർന്ന് ഡാനി ഒൽമോ കരക്കിരുന്ന മത്സരത്തിലായിരുന്നു കറ്റാലന്മാരുടെ വമ്പൻ ജയം.

Tags:    
News Summary - Real Madrid thrash Deportiva Minera 5-0 to reach Copa del Rey last 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.