റാഞ്ചി: ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം ഒറ്റ മെഡലിലൊതുങ്ങി കേരളം. പുരുഷന്മാരുടെ 110 മീറ്റർ ഹർഡ്ൽസിൽ സച്ചിൻ ബിനു നേടിയ വെങ്കലമാണ് ഏകനേട്ടം. ആദ്യ ദിവസം മെഡലൊന്നും നേടാതിരുന്ന കേരളം രണ്ടാംനാൾ ഒരു സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു.
ഇന്നലെ കേരളത്തിന്റെ മുഹമ്മദ് അഫ്സൽ പുരുഷന്മാരുടെ 800 മീറ്ററിലും പി.ഡി. അഞ്ജലി 200 മീറ്ററിലും അവസാനദിനമായ വ്യാഴാഴ്ച നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡ്ൽസിൽ 13.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിർസെയാണ് സ്വർണം നേടിയത്.
രാജസ്ഥാന്റെ മാധവേന്ദ്ര സിങ് ശെഖാവത്തിന് (13.72) പിറകിലായി സച്ചിൻ ബിനു (14.23) മൂന്നാമതെത്തി. ഫൈനലിലുണ്ടായിരുന്ന മറ്റൊരു കേരള താരം മുഹമ്മദ് ലസാന് (14.45) അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.
വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ ദേശീയ റെക്കോഡുകാരി ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത ഉറപ്പിച്ചു. 12.89 സെക്കൻഡിലായിരുന്നു ജ്യോതിയുടെ ഫിനിഷ്. കഴിഞ്ഞ വർഷം തേഞ്ഞിപ്പലത്ത് മീറ്റ് റെക്കോഡായ 13.43 സെക്കൻഡ് ചൊവ്വാഴ്ചത്തെ ഹീറ്റ്സിൽ തന്നെ 13.23ലേക്ക് മെച്ചപ്പെടുത്തിയിരുന്നു ജ്യോതി.
തമിഴ്നാടിന്റെ നിത്യ രാംരാജ് (13.44) വെള്ളിയും ഝാർഖണ്ഡിന്റെ സപ്നകുമാരി വെങ്കലവും (13.58) നേടി. ആദ്യ നാല് സ്ഥാനക്കാരും ഏഷ്യൻ യോഗ്യതയേക്കാൾ (13.63) മികച്ച സമയത്ത് മത്സരം പൂർത്തിയാക്കി. കേരളത്തിന്റെ ആൻ റോസ് ടോമി 14.30 സെക്കൻഡിൽ ഏഴാം സ്ഥാനത്തായി.
വനിത ഡിസ്കസ് ത്രോയിൽ മധ്യപ്രദേശിന്റെ ശാലിനി ചൗധരി (49.35 മീറ്റർ) സ്വർണവും പഞ്ചാബിന്റെ പരംജോത് കൗർ വെള്ളിയും ഒഡിഷയുടെ സൽമി കിസ്പോട്ട വെങ്കലവും നേടി. അതേസമയം, കനത്ത മഴയെയും കാറ്റിനെയും തുടർന്ന് റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തിലെ ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് മത്സരങ്ങൾ നിർത്തിവെച്ചു. ബുധനാഴ്ച വൈകീട്ട് 200 മീറ്റർ ഹീറ്റ്സ് മത്സരം നടക്കുമ്പോഴാണ് കാലാവസ്ഥ പ്രതികൂലമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.