ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിലിറങ്ങുന്ന ഓരോ ബാറ്ററുടെയും സ്വപ്നമാണ് അതിവേഗത്തിൽ റൺസ് അടിച്ചെടുക്കുകയെന്നത്. ട്വന്റി 20 രാജ്യാന്തര മത്സരങ്ങൾ സജീവമാകുകയും വിവിധ രാജ്യങ്ങളിൽ ഐ.പി.എൽ മാതൃകയിൽ ലീഗ് മത്സരങ്ങൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തതോടെ വേഗത്തിൽ റൺസടിക്കുന്നവരുടെ ഡിമാൻഡ് ഉയരുകയും ചെയ്തു. പരമാവധി സിക്സറുകൾ കണ്ടെത്താനാണ് ഓരോ ബാറ്ററും ശ്രമം നടത്തുന്നതെങ്കിൽ സിക്സടിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഒരു ക്ലബിന്റെ വിശേഷമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സജീവ ചർച്ചകളിലൊന്ന്.
ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് ക്ലബുകളിലൊന്നായ വെസ്റ്റ് സസക്സിലെ സൗത്‍വിക്ക് ആൻഡ് ഷോറെഹാം ക്രിക്കറ്റ് ക്ലബാണ് കടുത്ത തീരുമാനമെടുത്തത്. 1790ൽ ബ്രൈറ്റണിന് സമീപം സ്ഥാപിച്ച ക്ലബിനെ ഈ തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച കാരണമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ക്ലബിന്റെ ഗ്രൗണ്ടിന് സമീപം താമസിക്കുന്നവരുടെ നിരന്തര പരാതിയാണ് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
പുതിയ നിയമപ്രകാരം, ആദ്യ തവണ സിക്സടിച്ചാൽ റൺസൊന്നുമുണ്ടാവില്ല. എന്നാൽ, രണ്ടാമതും അടിച്ചാൽ ബാറ്റർ ഔട്ടായി മടങ്ങേണ്ടി വരും. നാട്ടിൻപുറത്തെ കളികളിൽ മാത്രം കേട്ട് പരിചയമുള്ള നിബന്ധനയാണെന്ന് പറയാമെങ്കിലും അയൽവാസികളുടെ ജനലിന്റെയും കാറുകളുടെയും മറ്റും ചില്ലുകൾ തകരുകയും വീടിനും വീട്ടുപകരണങ്ങൾക്കും മറ്റും നാശം പതിവാകുകയും ചെയ്തതോടെ അവർക്ക് മുമ്പിൽ മറ്റു വഴികളില്ലാതാവുകയായിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.