പുനലൂർ: ട്രാക്കിലും ഫീൽഡിലും വിസ്മയ പ്രകടനം കാഴ്ചവെച്ച ഓങ്കാർനാഥിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാനാകാതെ വീട്ടുകാരും നാട്ടുകാരും. സംസ്ഥാനത്തും ദേശീയതലത്തിലും പുനലൂരിന്റെ യശസ്സ് ഉയർത്തിയ ഓങ്കാർനാഥ് അത്ലറ്റിക്സിൽ കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. പുനലൂർ തൊളിക്കോട് മുളന്തടം ഓങ്കാർ നിവാസിൽ രവീന്ദ്രനാഥിന്റെയും മിനിയുടെയും മൂത്തമകനായ അപ്പു എന്ന ഓങ്കാർ വീട്ടുകാരുടെയും കായിക പ്രേമികളുടെയും കണ്ണിലുണ്ണിയായിരുന്നു. വലിയ സുഹൃദ് വലയത്തിന്റെ ഉടമയുമായിരുന്നു
കായികരംഗത്ത് ഉന്നതിയിലെത്തിയപ്പോഴും പൊതുകാര്യങ്ങളിലും സജീവമായിരുന്നു. അതിന്റെ തെളിവാണ് അപകടവിവരം അറിഞ്ഞ് കുടുംബാംഗങ്ങളുടെ കണ്ണിരൊപ്പാനും ആശ്വസിപ്പിക്കാനും എത്തിയ ജനസഞ്ചയം. സ്കൂൾപഠനകാലം മുതൽ ഓട്ടത്തിലും മറ്റും മിടുക്കുകാട്ടിയ ഓങ്കാറിന് പിതാവും മാതാവും മതിയായ പ്രോത്സാഹനം നൽകി. പുനലൂർ ശബരിഗിരി സ്കൂളിൽ ലോങ് ജംപ് മത്സരത്തിലൂടെയാണ് ഓങ്കാർ കായികരംഗത്തേക്ക് പിച്ചവെച്ചത്. തുടർന്ന് ഏഴ്, എട്ട് ക്ലാസുകളിൽ പുനലൂർ സെന്റ് ഗോരേറ്റിയിൽ ചേർന്നതോടെ കായികാധ്യാപകൻ സി.പി. ജയചന്ദ്രൻ ഓങ്കാറിന്റെ കഴിവുകൾ പരിപോഷിപ്പിച്ചു.
ലോങ് ജംപിനൊപ്പം നൂറുമീറ്റർ ഓട്ടത്തിലും റിലേയിലും ഓങ്കാർ മികവ് തെളിയിച്ചു. ആ വർഷം നടന്ന സ്കൂൾ ജില്ല, സംസ്ഥാന മത്സരങ്ങളിൽ ചാമ്പ്യനായി. ഓങ്കാറിന്റെ തുടർപഠനം സെന്റ് ജോർജ് സ്കൂളിലും എം.എ കോളജിലുമായിരുന്നു. ഈ കാലയളവിൽ നൂറുമീറ്റർ ഓട്ടത്തിൽ റെേക്കാഡോടെ സ്വർണം നേടി. എം.ജി യൂനിവേഴ്സിറ്റിക്ക് വേണ്ടി അന്തർസംസ്ഥാന യൂനിവേഴ്സിറ്റി മീറ്റിലും റിലേയിൽ വെള്ളിയും നൂറുമീറ്ററിൽ വെങ്കലവും കരസ്ഥമാക്കി. ഇതിനിടെ നാഷനൽ ഗെയിംസിൽ പങ്കെടുത്ത് നൂറു മീറ്ററിൽ സ്വർണം നേടി. എസ്.എ.പിയിൽ ഹവിൽദാറായ താരം കേരള പൊലീസ് അത്ലറ്റിക് അംഗമാണ്.സ്പെഷൽ ആംഡ് പൊലീസ് കമാൻഡന്റ് സോളമൻ, തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ ദിവ്യ തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.