കക്കോടി: വോളിബാൾ കോർട്ട് പരിചയപ്പെടുത്തിയ ജ്യേഷ്ഠൻ അതുലിന്റെ സാന്നിധ്യത്തിൽ കപ്പ് വാങ്ങുന്നതിൽ കവിഞ്ഞ സന്തോഷം വേറെ എന്തുണ്ട് -സീനിയർ ദേശീയ വോളിബാളിൽ ജേതാക്കളായ കേരള ടീമിന്റെ ക്യാപ്റ്റൻ കെ.പി. അനുശ്രീയുടെ വാക്കുകളിൽ ജന്മസുകൃതമാണ് തെളിയുന്നത്.
കോഴിക്കോട് ചെറുവറ്റ സ്വദേശിനിയായ അനുശ്രീക്ക് ഇത്തവണത്തെ സീനിയർ ദേശീയ വോളി ഏറെ പ്രാധാന്യമുള്ളതായിരുന്നു. സഹോദരനായ അതുലും സീനിയർ ദേശീയ പുരുഷ വോളിക്ക് സർവിസസിന്റെ സെലക്ഷൻ ക്യാമ്പിൽ ഭുവനേശ്വറിൽ ഉണ്ടായിരുന്നു.
ജീവന് തുല്യമായി വോളിബാളിനെ കണ്ട തങ്ങൾക്ക് ദേശീയതലത്തിൽ ഒരുമിച്ചു കളിക്കാനാവുക എന്ന അപൂർവ ഭാഗ്യം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. പരിശീലനകാലത്ത് അനുശ്രീയെയും പയമ്പ്രയിലുള്ള വോളി ഫ്രൻഡ്സ് കോർട്ടിൽ അതുൽ കൊണ്ടുപോകുമായിരുന്നു. കളി പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമല്ല, മികച്ച കളിക്കാരിയാക്കുകകൂടിയായിരുന്നു ലക്ഷ്യം.
പറമ്പിൽബസാർ എം.ഐ.എം.എൽ.പിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വേളയിലാണ് അനുശ്രീ കോർട്ടിലെത്തിയത്. നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത വോളി ഫ്രൻഡ്സ് കോച്ച് ദിനേശൻ ഇരുവർക്കും മികച്ച പരിശീലനം നൽകി. അതുലിന് എയർഫോഴ്സിൽ ജോലി ലഭിച്ചതോടെ ഒരുമിച്ചുള്ള പരിശീലനവും കളിയും അന്യമായി. ഏഴു വർഷത്തിനു ശേഷമാണ് ഇരുവരും കോർട്ടിൽ ഒരുമിച്ചെത്തിയത്. റെയിൽവേസിനെ വെള്ളം കുടിപ്പിച്ചാണ് ദേശീയ സീനിയർ വോളിബാളിൽ അനുശ്രീയുടെ നേതൃത്വത്തിൽ കേരളം തുടർച്ചയായ നാലാം കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് അനുശ്രീ കേരള ടീമിന്റെ ക്യാപ്റ്റനാകുന്നത്.
മക്കൾ രണ്ടു പേരും ഒരുമിച്ച് ദേശീയ മത്സരത്തിന് എത്തിയപ്പോൾ ഏറെ സന്തോഷം ലഭിച്ചതായി പിതാവ് വിജയനും മാതാവ് പ്രബിതയും പറയുന്നു. ഫെഡറേഷൻ കപ്പ് മത്സരമുള്ളതിനാൽ ഭുവനേശ്വറിൽതന്നെ തങ്ങുകയാണ് അനുശ്രീ. അഞ്ചു വർഷമായി കെ.എസ്.ഇ.ബി താരമാണ് അനുശ്രീ. ഏഴാം ക്ലാസ് മുതൽ സബ് ജൂനിയർ, ജൂനിയർ ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. അണ്ടർ 23 ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 19ാം വയസ്സിൽ കെ.എസ്.ഇ.ബിയിൽ ജോലിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.