ബാങ്കോക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനമായപ്പോൾ ആകെ ആറ് സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമായി ഇന്ത്യക്ക് മെഡൽപട്ടികയിൽ മൂന്നാം സ്ഥാനം. അവസാന ദിവസം എട്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 13 മെഡലാണ് ഇന്ത്യ അക്കൗണ്ടിൽ ചേർത്തത്. വനിത ഷോട്ട്പുട്ടിൽ അബ ഖതുവ ദേശീയ റെക്കോഡ് നേടിയതാണ് ഞായറാഴ്ചത്തെ പ്രധാന സവിശേഷത. അബക്ക് വെള്ളിയാണ് ലഭിച്ചത്. വനിത 200 മീറ്ററിൽ ജ്യോതി യാരാജിയും 5000 മീറ്ററിൽ പരുൾ ചൗധരിയും രണ്ടാമതെത്തി ഇരട്ട മെഡൽ നേട്ടക്കാരായി. 16 സ്വർണവും 11 വെള്ളിയും 10 വെങ്കലവുമായി ജപ്പാനാണ് പട്ടികയിൽ ഒന്നാമത്. എട്ട് വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ആകെ മെഡൽ എണ്ണം നോക്കുമ്പോൾ ഇന്ത്യയേക്കാൾ (27) പിറകിലാണ് ചൈന (22). 2019ലാണ് ഇതിന് മുമ്പ് ചാമ്പ്യൻഷിപ് നടന്നത്. അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഷോട്ട്പുട്ടിൽ 18.06 മീറ്ററെന്ന മൻപ്രീത് കൗറിന്റെ ദേശീയ റെക്കോഡിനൊപ്പമെത്തിയാണ് അബ ഖതുവ വെള്ളി നേടിയത്. ചൈനയുടെ സോങ് ജിയായുവാൻ (18.88) സ്വർണം കരസ്ഥമാക്കിയപ്പോൾ മൻപ്രീത് (17) വെങ്കലവുമായി ഈ ഇനത്തിൽ ഇന്ത്യക്ക് മറ്റൊരു മെഡലും സമ്മാനിച്ചു. കഴിഞ്ഞ ദിവസം 100 മീറ്റർ ഹർഡ്ൽസ് സ്വർണം നേടിയ ജ്യോതി യാരാജി, 200 മീറ്റർ ഓട്ടം മികച്ച വ്യക്തിഗത സമയമായ 23.13 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പെരേരക്ക് (22.70) രണ്ടാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസ് സ്വർണ ജേത്രിയായ പരുൾ, 5000 മീറ്റർ ഓട്ടം 15 മിനിറ്റ് 52.35 സെക്കൻഡിൽ പൂർത്തിയാക്കി വെള്ളിയും നേടി. 4x400 മീ. പുരുഷ റിലേ ടീം, പുരുഷ ജാവലിൻ ത്രോയിൽ ഡി.പി. മനുവും, 800 മീറ്ററിൽ കെ.എം. ചന്ദ (വനിത), ഇഷാൻ കുമാർ (പുരുഷന്മാർ), വനിത 20 കി.മീ. നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി എന്നിവരാണ് ഇന്നലത്തെ മറ്റു വെള്ളി നേട്ടക്കാർ.
മലയാളികളായ മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ കുര്യൻ ചാക്കോ, തമിഴ്നാട്ടുകാരൻ രാജേഷ് രമേഷ് എന്നിവരാണ് 4x400 മീ. പുരുഷ റിലേ ടീമിലുണ്ടായിരുന്നത്. ഷോട്ട് പുട്ട് താരം മൻപ്രീതിന് പുറമെ 4x400 മീ. വനിത റിലേ ടീം, പുരുഷ 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്, വനിതകളിൽ അങ്കിത, പുരുഷ 20 കി.മീ. നടത്തത്തിൽ വികാസ് സിങ് എന്നിവരും വെങ്കലം നേടി. അടുത്ത ചാമ്പ്യൻഷിപ് 2025ൽ ദക്ഷിണ കൊറിയയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.