ബാങ്കോക്: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ തുടക്കമാവുന്നു. ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ് ടൂറും ലോങ്ജംപർ എം. ശ്രീശങ്കറും നയിക്കുന്ന ഇന്ത്യൻ സംഘം ശുഭപ്രതീക്ഷയിലാണ്. വൻകരയിലെ മുൻനിര അത്ലറ്റുകൾ മത്സരിക്കുന്ന മീറ്റിൽ മെഡൽക്കൊയ്ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, പരിക്കും മരുന്നടിയും എൻട്രികൾ അയക്കാൻ വൈകിയതുംമൂലം ചില താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. ലോക ചാമ്പ്യൻഷിപ്പിനൊരുങ്ങുന്ന ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര ഇന്ത്യൻ ടീമിലില്ല. കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപ് ജേതാവും മലയാളിയുമായ എൽദോസ് പോളും സംഘത്തിലില്ല.
കോമൺവെൽത്ത് ഗെയിംസിലും പാരിസ് ഡയമണ്ട് ലീഗിലും മെഡൽ നേടിയ പാലക്കാട്ടുകാരൻ ശ്രീശങ്കർ ലോങ്ജംപിൽ സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ദേശീയ റെക്കോഡുകാരനായ ജെസ്വിൻ ആൽഡ്രിൻ പരിക്കുമൂലം പിന്മാറിയതിനാൽ ലോങ്ജംപ് പിറ്റിലെ ഇന്ത്യൻ പ്രതീക്ഷകളത്രയും ശ്രീശങ്കറിലാണ്. ട്രിപ്ൾ ജംപ് താരം പ്രവീൺ ചിത്രവേലും സമാന കാരണത്താൽ മത്സരിക്കുന്നില്ല. ഇതോടെ മലയാളി താരം അബ്ദുല്ല അബൂബക്കറിന്റെ ഉത്തരവാദിത്തവും ഇരട്ടിക്കും. 1500 മീറ്റർ ഓട്ടത്തിൽ ജിൻസൺ ജോൺസൺ, 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ, 400 മീറ്ററിലും 4 x 400 മീറ്റർ റിലേയിലും മിക്സഡ് റിലേയിലും മത്സരിക്കുന്ന മുഹമ്മദ് അജ്മൽ, വനിത ലോങ്ജംപിലെ ആൻസി സോജൻ, 4 x 400 മീറ്റർ റിലേയിലെ ജിസ്ന മാത്യു തുടങ്ങിയവരാണ് മറ്റു കേരളീയർ.
മറുനാടൻ മലയാളികളായ അമോജ് ജേക്കബും മിജോ ചാക്കോ കുര്യനും റിലേ ടീമുകളിലുണ്ട്. ആൻസിയും ഷൈലി സിങ്ങും ലോങ്ജംപിൽ മെഡൽ സമ്മാനിക്കുന്നത് കാത്തിരിക്കുകയാണ് ഇന്ത്യ. 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജി, കഴിഞ്ഞ തവണത്തെ ജാവലിൻ ത്രോ വെള്ളി മെഡൽ ജേത്രി അന്നു റാണി, 3000 മീറ്റർ സ്റ്റീപ്ൾ ചേസർ പരുൾ ചൗധരി, ഹെപ്റ്റാത്ത്ലറ്റ് സ്വപ്ന ബർമൻ തുടങ്ങിയ വനിത അത്ലറ്റുകളിലും മെഡൽ സാധ്യത കാണുന്നു. പുരുഷ ജാവലിൻ ത്രോയിൽ മത്സരിക്കേണ്ടിയിരുന്ന രോഹിത് യാദവും പരിക്കുമൂലം പിന്മാറിയിട്ടുണ്ട്. എൻട്രി അയക്കാൻ വൈകിയതാണ് 4x400 മീറ്റർ റിലേ ടീമിലെ മലയാളി മുഹമ്മദ് അനസിന്റെയും വനിത 400 മീറ്റർ താരം അഞ്ജലി ദേവിയുടെയും അവസരങ്ങൾ നഷ്ടമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.