ഹാങ്ചോ: സിംഗ്ൾസിൽ പ്രണോയ് വെങ്കലവുമായി മടങ്ങിയെങ്കിലും ഡബ്ൾസിൽ സുവർണ നേട്ടത്തിനരികെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. സെമിയിൽ മലേഷ്യയുടെ ആരോൺ ചിയ-സോഹ് വൂയി യിക് സഖ്യത്തെ മുക്കാൽ മണിക്കൂർ മാത്രമെടുത്ത മാസ്റ്റർ ക്ലാസ് പ്രകടനവുമായി നിശ്ശൂന്യരാക്കിയാണ് ലോക മൂന്നാം നമ്പർ ജോടി കലാശപ്പോരിലേക്ക് വഴിതുറന്നത്.
സ്കോർ 21-17, 21-12. പേരുകേട്ട താരനിര ഏറെ പിറന്ന മണ്ണായിട്ടും ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇതുവരെയും സ്വർണം ചൂടിയില്ലെന്ന നാണക്കേട് തീർക്കുകയെന്നതാകും സാത്വിക്- ചിരാഗ് സഖ്യത്തിനു മുന്നിലെ അടുത്ത ദൗത്യം. കൊറിയയുടെ ചോയ് സോൽ ഗയ്-കിം വോൻ ഹോ സഖ്യമാണ് ഫൈനലിൽ എതിരാളികൾ.
ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതിനിന്നതിനൊടുവിൽ 11-10ന് ലീഡ് പിടിച്ച് ആദ്യ ഇടവേളക്കു പിരിഞ്ഞ ടീം പിന്നീടൊരിക്കലും എതിരാളികളെ നിലംതൊടീക്കാതെ സെറ്റ് പിടിക്കുകയായിരുന്നു.
അടുത്ത സെറ്റിൽ പക്ഷേ, ഒരു ഘട്ടത്തിലും എതിരാളികൾ ചിത്രത്തിലുണ്ടായില്ല. 11-3ന് മുന്നിൽ നിന്ന ഇന്ത്യൻ ജോടി മുന്നിലും പിന്നിലും ഒരേ കൃത്യതയോടെ റാക്കറ്റ് പായിച്ച് എതിരാളികൾക്കുമേൽ ജയം ഉറപ്പാക്കി. സമീപകാലത്ത് മികച്ച ഫോം തുടരുന്ന ടീമിന് പക്ഷേ, കടുത്ത വെല്ലുവിളി ഉയർത്തുന്നതാകും ഫൈനലിലെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.