കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് മൂന്നാം സ്വർണം. ശനിയാഴ്ച കരാട്ടേ താരം ഫഹദ് അൽ അജ്മിയാണ് രാജ്യത്തിനായി അഭിമാന നേട്ടം കൊയ്തത്. ഇതോടെ 19ാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ മെഡലുകളുടെ എണ്ണം പത്തായി. മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് കുവൈത്തിന്റെ ഇതുവരെയുള്ള മെഡൽ നേട്ടം. ശക്തമായ മത്സരത്തിൽ (8/5) എന്ന സ്കോറിന് ജോർഡിയൻ എതിരാളിയായ അബ്ദുൽറഹ്മാൻ അൽ മുസഫ്തയെ പരാജയപ്പെടുത്തിയാണ് ഫഹദ് അൽ അജ്മിയുടെ സുവർണ നേട്ടം.
തന്റെ നേട്ടത്തിലും ശക്തരായ ഏഷ്യൻ എതിരാളികൾക്കൊപ്പമുള്ള പങ്കാളിത്തത്തിലും ഫഹദ് അൽ അജ്മി അഭിമാനം പ്രകടിപ്പിച്ചു. വിജയം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ജനത എന്നിവർക്ക് സമർപ്പിക്കുന്നതായും ഫഹദ് അൽ അജ്മി പറഞ്ഞു. ഈ നേട്ടം വരാനിരിക്കുന്ന മത്സരങ്ങൾക്ക് മികച്ച പ്രചോദനമാണെന്ന് അൽ അജ്മി കൂട്ടിച്ചേർത്തു
കുവൈത്ത് ഫെഡറേഷന്റെ പിന്തുണയും ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ജാബർ ഹമ്മദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക ടീമിന്റെ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തെ ഷൂട്ടിങ്ങിൽ അബ്ദുല്ല അൽ തറാഖി, 110 മീറ്റർ ഹഡിൽസിൽ യാക്കൂബ് അൽ യൂഹ എന്നിവർ സ്വർണവും അമ്പെയ്ത്തിൽ അബ്ദുല്ല അൽ തറാഖി-ഇമാൻ അൽ ഷമ സഖ്യം, ഷൂട്ടിങ് ട്രാപ് ടീമായ തലാൽ അൽ തറാഖി, ഖാലിദ് അൽ മുദാഫ്, അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ, ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ തലാൽ അൽ തറാഖി, കരാട്ടേ കുമിത്തെ വിഭാഗത്തിൽ അബ്ദുല്ല ഷഅബാൻ എന്നിവർ കുവൈത്തിനായി വെള്ളിയും നേടി. ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാൻ, കരാട്ടേയിൽ സയ്യിദ് സൽമാൻ അൽ മൗസാവി, ഹാൻഡ്ബാൾ എന്നിവയിലാണ് വെങ്കല മെഡൽ നേട്ടം. വെങ്കല മെഡൽ നേടിയ ഹാൻഡ്ബാൾ ടീമിന് കുവൈത്തിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.