മെൽബൺ: ഒരാഴ്ചയിലേറെയായി ആസ്ട്രേലിയയെയും കായിക ലോകത്തെയും മുനയിൽ നിർത്തുന്ന ദ്യോകോ വിസ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. ആസ്ട്രേലിയൻ ഓപൺ കളിക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി. മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചു.
കുടിയേറ്റ മന്ത്രി അലക്സ് ഹോക് ആണ് സവിശേഷ അധികാരം ഉപയോഗിച്ച് വീണ്ടും വിസ റദ്ദാക്കിയത്. ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്നും ഉത്തരവുണ്ടെങ്കിലും അറസ്റ്റും തിരിച്ചയക്കലും വൈകും. ഞായറാഴ്ചയാകും കോടതി കേസ് പരിഗണിക്കുക. തിങ്കളാഴ്ച വൈകുന്നേരം മെൽബണിൽ ദ്യോകോ റാക്കറ്റേന്താനിരിക്കെയാണ് വീണ്ടും തടവൊരുക്കി സർക്കാർ വിധി പ്രഖ്യാപിച്ചത്. ശനിയാഴ്ച താരത്തെ വീണ്ടും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന പാർക് ഹോട്ടലിലേക്ക് മാറ്റും.
വിധിക്കെതിരെ വീണ്ടും കോടതിയിലെത്തുമെന്നതിനാൽ പുറത്തെത്തി അഭിഭാഷകരെ കാണാൻ അനുമതിയുണ്ടാകും. ഒമ്പതുതവണ ആസ്ട്രേലിയൻ ഓപൺ കിരീടത്തിൽ മുത്തമിട്ട താരം 10 തികച്ച് ലോക റെക്കോഡിലേക്ക് എയ്സുതിർക്കാനായാണ് ഇത്തവണ മെൽബണിൽ എത്തിയിരുന്നത്. ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി അനുവദിച്ച വിസയിൽ രാജ്യത്തെത്തിയ ഉടൻ തടവിലാക്കുകയായിരുന്നു. ഒരിക്കൽ കോടതി ഇടപെട്ട് കളിക്കാൻ അനുമതി നൽകിയെങ്കിലും സർക്കാർ വീണ്ടും നടപടി സ്വീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച സെർബ് താരം മിയോമിർ കെച്മാനോവിച് ആണ് ആദ്യ റൗണ്ടിൽ എതിരാളി. നാടുകടത്തപ്പെട്ടാൽ പകരക്കാരനായി റഷ്യയുടെ ആന്ദ്രേ റുബലേവിന് നറുക്ക് വീഴും. എന്തിന് വിസ റദ്ദാക്കിയെന്നതാണ് ഇനിയും തീരുമാനമാകാത്ത ചോദ്യം. വാക്സിനെടുക്കാത്തതിന്റെ പേരിലെങ്കിൽ വിസ എന്തുകൊണ്ട് നൽകിയെന്ന ചോദ്യത്തിന് ഉത്തരം നൽകണം. രാജ്യത്ത് വാക്സിൻ വിരുദ്ധ വികാരം പടരാതിരിക്കാതിരിക്കൽ ലക്ഷ്യമിട്ടാണെന്നാണ് ഒടുവിലെ വിശദീകരണം.
സിഡ്നി: മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കടുത്ത കോവിഡ് ലോക്ഡൗണിന്റെ പേരിൽ പഴിയേറെ കേട്ട പ്രധാനമന്ത്രി സ്കോട്ട് മോറിസണു മുന്നിൽ ദ്യോകോയുടെ വിസ റദ്ദാക്കി തടി കാക്കൽ മാത്രമാണ് എളുപ്പവഴി.
തങ്ങൾ നിയന്ത്രണങ്ങളിൽ കുരുങ്ങിനിൽക്കെ വാക്സിനെടുക്കാത്ത ടെന്നിസ് താരം തടസ്സമേതുമില്ലാതെ മെൽബണിൽ വിമാനമിറങ്ങി കളിച്ചുമടങ്ങുന്നത് ജനത്തിന് മനസ്സിലാകണമെന്നില്ല. അതിന്റെ പേരിൽ വോട്ടുപോയാൽ അടുത്ത തവണ അധികാരത്തിന്റെ സമീപത്തെങ്ങും മോറിസൺ ഉണ്ടാകുകയുമില്ല. അപ്പോൾ പിന്നെ ലോക ഒന്നാം നമ്പർ താരത്തിനെതിരെ നടപടികളെടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാം. ഇത്രയുമാണ് കംഗാരു മണ്ണിൽ ലോകം സാക്ഷിയായത്.
ടെന്നിസ് ആസ്ട്രേലിയയുമായി സഹകരിച്ച് വിക്ടോറിയ സംസ്ഥാനമാണ് ദ്യോകോക്ക് വിസ അനുവദിക്കുന്നത്. രണ്ട് മെഡിക്കൽ ബോർഡുകളുടെ ശിപാർശ പ്രകാരമായിരുന്നു വിസ. അതുപക്ഷേ, താരം ഇറങ്ങുന്നതുവരെ മാത്രം. രാജ്യത്തിറങ്ങിയതോടെ കാര്യങ്ങൾ കുടിയേറ്റ വകുപ്പ് ഏറ്റെടുത്തു. അതോടെ, രാഷ്ട്രീയം തനിനിറം കാണിക്കുകയും ചെയ്തു.
ഒരിക്കൽ കോടതി കനിഞ്ഞെങ്കിലും അന്തിമ തീരുമാനം കൈയിലുള്ള കുടിയേറ്റ മന്ത്രി അവസാനം ഡെമോക്ലസിന്റെ വാൾതന്നെ പ്രയോഗിച്ചു. ഇതുപക്ഷേ, എത്രവരെ പോകുമെന്നതാണ് വരും നാളുകളിൽ അറിയാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.