ദോഹ: ഖത്തറിന്റെ ശരീഫ് യൂനുസും അഹ്മദ് തിജാനും ചേർന്ന സഖ്യം ലോക ബീച്ച് വോളി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. എഫ്.ഐ.വി.ബിയുടെ ബീച്ച് വോളിബാൾ മെൻസ് റാങ്കിങ്ങിന്റെ പുതുക്കിയ പട്ടികയിലാണ് ശരീഫ്-അഹ്മദ് സഖ്യം രണ്ടാമതെത്തിയത്. നിലവിലെ ലോക ചാമ്പ്യന്മാരും ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്നവരുമായ നോർവേയുടെ ആൻഡേഴ്സ് മോൾ-ക്രിസ്റ്റ്യൻ സോറം ജോടിയാണ് പുതിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത്.
ഒളിമ്പിക് വെങ്കലമെഡൽ ജേതാക്കളായ ഖത്തർ സഖ്യത്തോടൊപ്പം നെതർലൻഡ്സിന്റെ അലക്സാണ്ടർ ബ്രൂവർ-റോബർട്ട് മ്യൂവ്സെൻ ജോടിയും സംയുക്തമായി രണ്ടാം സ്ഥാനത്താണ്. ഇരുടീമിനും 7220 പോയന്റാണുള്ളത്. ആൻഡേഴ്സ് മോൾ-ക്രിസ്റ്റ്യൻ സോറം സഖ്യം 8450 പോയന്റുമായി ഏറെ മുന്നിലാണ്.
2021ൽ ടോക്യോയിൽ നടന്ന ഒളിമ്പിക്സിനിടെ മോൾ-സോറം ജോടിയിൽനിന്ന് ഒന്നാംറാങ്ക് പിടിച്ചെടുത്ത് ശരീഫും അഹ്മദും ചരിത്രംകുറിച്ചിരുന്നു. 2021 ആഗസ്റ്റ് മുതൽ 2022 മേയ് വരെയാണ് ഖത്തർ ജോടി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് വിരാജിച്ചത്. എന്നാൽ, 2022 ഒക്ടോബറിൽ നോർവേക്കാർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീട് അവർ പട്ടികയുടെ ഉയരങ്ങളിൽനിന്ന് പടിയിറങ്ങിയിട്ടില്ല. 2022 മേയ് 30 മുതൽ ഒക്ടോബർ മൂന്നുവരെ ബ്രസീലിന്റെ ആന്ദ്രേ സ്റ്റീനും ജോർജ് വാൻഡെർലിയുമായിരുന്നു ഒന്നാമത്. നിലവിലെ റാങ്കിങ്ങിൽ ഇരുവരും ചേർന്ന സഖ്യം നാലാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.