അന്ത്യ അത്താഴത്തെ പാരഡിയാക്കി; പാരീസ് ഒളിമ്പിക്സിലെ സ്കിറ്റ് വിവാദമാകുന്നു

പാരീസ്: യേശു ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പാരഡിയാക്കി കൊണ്ടുള്ള പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ് വിവാദമാകുന്നു. ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണ് ഒളിമ്പിക്സിലെ പ്രകടനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിക്കുന്നത്.

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് പിന്നാ​ലെ സമൂഹമാധ്യമങ്ങളിൽ സ്കിറ്റിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 18 പേർ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതാണ് സ്കിറ്റിലുള്ളത്. ഇതിൽ വെള്ളിക്കിരീടം ധരിച്ച് ​അവസാന അത്താഴത്തിലേത് പോലെ ക്രിസ്തുവിന്റെ സ്ഥാനത്തിരുന്ന സ്ത്രീയുടെ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായി.

മനുഷ്യർ തമ്മിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ഹാസ്യത്മകമായ രീതിയിൽ ബോധവൽക്കരണം നടത്താനാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിശദീകരണത്തിന് ശേഷവും സ്കിറ്റിനെതിരായ വിമർശനങ്ങൾ ശക്തമാവുകയാണ്.ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ഒളിമ്പിക്സ് ഉദ്ഘാടനത്തിനാണ് പാരീസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

206 രാജ്യങ്ങളിൽ നിന്നുള്ള 10,500ഓളം അത്‍ലറ്റുകളാണ് ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുത്തത്. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽ നിന്ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിലാണ് അവസാനിച്ചത്. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും പ്രദേശങ്ങൾക്കും അരികിലൂടെയുമായിരുന്നു മാർച്ച് പാസ്റ്റ് കടന്നുപോയത്.

Tags:    
News Summary - Parody of 'Last Supper' at Paris Olympics opening ceremony faces backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.