ന്യൂയോർക്: ചരിത്രത്തിലാദ്യമായി ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ സംയുക്ത കിരീട ധാരണം. നിലവിലെ ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസനും റഷ്യയുടെ ഇയാൻ നെപോംനിയാഷിയുമാണ് കിരീടം പങ്കിട്ടത്. ഫൈനലിൽ ഇരുവരും മൂന്നര പോയന്റ് വീതം നേടി. നാലിൽ രണ്ട് ഗെയിമുകളിൽ വീതം കാൾസനും നെപോയും ജയിച്ചപ്പോൾ സഡൻ ഡെത്തിലെ മൂന്നു മത്സരങ്ങളും സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് കിരീടം പങ്കുവെക്കാമെന്ന ആശയം കാൾസൻ മുന്നോട്ടുവെച്ചു. നെപോയും പിന്നാലെ ഫിഡെയും ഇത് അംഗീകരിക്കുകയായിരുന്നു.
വാൾ സ്ട്രീറ്റിൽ നടന്ന ഫൈനലിലെ ആദ്യ രണ്ട് ഗെയമുകളും കാൾസൻ നേടിയിരുന്നു. കിരീടം നിലനിർത്താൻ നോർവീജിയൻ താരത്തിന് ഒരു സമനില കൂടി മതിയെന്നിരിക്കെ നെപോംനിയാഷി തിരിച്ചടിച്ചു. അതു രണ്ട് ഗെയിമുകളും റഷ്യക്കാരൻ ജയിച്ചതോടെ 2-2. ഇതോടെ സഡൻ ഡെത്ത് വേണ്ടിവന്നു.
നെപോയുടെ ആദ്യ ബ്ലിറ്റ്സ് ലോകകിരീടമാണിത്. 2014ൽ വെള്ളി നേടിയിരുന്നു. 2013, 15, 21 ലോക റാപിഡ് ചാമ്പ്യൻഷിപ്പികളിലും 2021ലെയും 2023ലെയും ക്ലാസിക്കൽ ലോക ചാമ്പ്യൻഷിപ്പിലും രണ്ടാം സ്ഥാനക്കാരനായി. എട്ടാം തവണയാണ് കാൾസൻ ബ്ലിറ്റ്സ് ലോക ജേതാവാകുന്നത്. പലവട്ടം ക്ലാസിക്കൽ, റാപിഡ് ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടി.
ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ് വനിത വിഭാഗത്തിൽ ചൈനയുടെ ജു വെൻജുൻ കിരീടം നേടി. നാട്ടുകാരിയായ ലെയ് ടിങ്ജീയെയാണ് 3.5-2.5 സ്കോറിന് ഫൈനലിൽ തോൽപിച്ചത്. ഇന്ത്യയുടെ ആർ. വൈശാലി വെങ്കലം നേടി. ചൈനയുടെ സ്യൂ ജിനെറിനെ ക്വാർട്ടർ ഫൈനലിൽ 2.5-1.5ന് വീഴ്ത്തിയ തമിഴ്നാട്ടുകാരി സെമി ഫൈനലിൽ വെൻജുനിനോട് 0.5-2.5ന്റെ തോൽവി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.