പിങ്ക് ടെസ്റ്റ്; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 185ന് പുറത്ത്; ആസ്ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടം

ബോർഡർ ഗവാസ്കർ ട്രോഫി അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 185 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി 40 റൺസ് നേടി ഋഷഭ് പന്താണ് ടോപ് സ്കോററായി. നായകൻ രോഹിത് ശർമ പുറത്തിരുന്ന മത്സരത്തിൽ താത്കാലിക നായകനായെത്തിയ ജസ്പ്രീത് ബുംറ 22 റൺസ് നേടി വാലറ്റത്ത് വെടിക്കെട്ട് നടത്തി. രവീന്ദ്ര ജഡേജ 26 റൺസ് സ്വന്തമാക്കി.

കെ.എൽ. രാഹുൽ ( 4), യശ്വസ്വി ജയ്സ്വാൾ ( 10), ശുഭ്മൻ ഗിൽ (20), വിരാട് കോഹ്ലി (17), നിതീഷ് കുമാർ റെഡ്ഡി (0), വാഷിങ്ടൺ സുന്ദർ (14), പ്രസിദ്ധ് കൃഷ്ണ (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. മുഹമ്മദ് സിറാജ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. ആസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റും, മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്യപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് പേരെ പറഞ്ഞയച്ചപ്പോൾ നഥാൻ ലിയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ആസ്ട്രേലിയക്ക് ഒമ്പത് റൺസ് നേടുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. രണ്ട് റൺസ് നേടിയ ഉസ്മാൻ ഖ്വാജയാണ് പുറത്തായത്. സ്ലിപ്പിൽ കെ.എൽ രാഹുലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു താരം. സാം കോൺസ്റ്റാസ് ഏഴ് റൺസുമായി പുറത്താകാതെ നിൽക്കുന്നു. ദിവസത്തിന്‍റെ അവസാന പന്തിലാണ് ഖ്വാജ പുറത്തായത്.

അതേസമയം അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. രോഹിത് വിശ്രമം ആവശ്യപ്പെട്ട് പിന്മാറിയതോടെയാണ് നായകനാവാനുള്ള നറുക്ക് ബുംറക്ക് വീണത്. മത്സരത്തിൽ നിന്നും രോഹിത് വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്ന് ടോസിനിടെ ബുംറ തന്നെയാണ് വ്യക്തമാക്കിയത്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ മോശം പ്രകടനമാണ് രോഹിത് തുടരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. മത്സരത്തിൽ കളിക്കുന്നില്ലെങ്കിലും രോഹിത് തന്നെയാണ് തങ്ങളുടെ ക്യാപ്റ്റനെന്ന് ബുംറ പറഞ്ഞു. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി. ആസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷിന് പകരം ബ്യു വെബ്സ്റ്റർ കളത്തിലിറങ്ങി.

Tags:    
News Summary - India vs australia day 1 stumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.