ബോർഡർ-ഗവാസ്കർ ട്രോഫി അവസാന ടെസ്റ്റിൽ തീപാറുമെന്നുറപ്പ്. അത്തരത്തിൽ ഒരു തീപ്പൊരിയിട്ടാണ് ആദ്യ ദിനം കടന്നുപോകുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 185 റൺസ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ ഒമ്പത് റൺസ് നേടി ഒരു വിക്കറ്റ് നഷ്ടമായി.
ആദ്യ ദിനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയും ആസ്ട്രേലിയൻ യുവതാരം സാം കോൺസ്റ്റാസും കൊമ്പുകോർത്തിരുന്നു. ദിവസം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ഉസ്മാൻ ഖ്വാജ ബാറ്റിങ്ങിന് തയ്യാറെടുക്കാൻ പതിവിലും കൂടുൽ സമയമെടുക്കുന്നുണ്ടായിരുന്നു ഇക്കാര്യം ബുംറ ചൂണ്ടിക്കാട്ടിയപ്പോൾ നോൺസ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന കോൺസ്റ്റാസ് ബുംറയോട് എന്തോ പിറുപിറുത്തു.
ബൗളിങ് എൻഡിൽ നിന്നും ബുംറ കോൺസ്റ്റാസിന്‍റെ നേരെ വരുകയായിരുന്നു, കോൺസ്റ്റാസ് തിരിച്ചും. അമ്പയർ കൃത്യമായി ഇടപ്പെട്ട് പ്രശ്നം രൂക്ഷമാക്കാതെ നോക്കുകയായിരുന്നു. രണ്ട് പന്ത് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അടുത്ത പന്ത് ഖ്വാജ ലീവ് ചെയ്തു. അവസാന പന്തിൽ ഖ്വാജയെ സ്ലിപ്പിൽ രാഹുലിന്‍റെ കയ്യിലെത്തിച്ചാണ് ബുംറ കോൺസ്റ്റാസിന് മറുപടി നൽകിയത്. വിക്കറ്റ് നേടിയതിന് ശേഷം ബുംറ നേരെ കോൺസ്റ്റാസിന് നേരെ തിരിയുകയായിരുന്നു. ഇന്ത്യൻ ടീമിലെ 11 താരങ്ങളും ആദ്യ വിക്കറ്റ് ഒരുപോലെ ആഘോഷിച്ചു. പരമ്പരയിലെ ബുംറയുടെ 31ാം വിക്കറ്റായിരുന്നു ഇത്. ഖ്വാജയെ ആറാം തവണയാണ് പരമ്പരയിൽ ബുംറ പുറത്താക്കിയത്.
അതേസമയം 40 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 26 റൺസ് നേടി. വാലറ്റത്ത് വെടിക്കെട്ട് നടത്തിയ ബുംറ 22 റൺസ് സ്വന്തമാക്കി. കെ.എൽ. രാഹുൽ ( 4), യശ്വസ്വി ജയ്സ്വാൾ ( 10), ശുഭ്മൻ ഗിൽ (20), വിരാട് കോഹ്ലി (17), നിതീഷ് കുമാർ റെഡ്ഡി (0), വാഷിങ്ടൺ സുന്ദർ (14), പ്രസിദ്ധ് കൃഷ്ണ (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. മുഹമ്മദ് സിറാജ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. ആസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റും, മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്യപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് പേരെ പറഞ്ഞയച്ചപ്പോൾ നഥാൻ ലിയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.