ഡൽഹി: ലൈംഗിക പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.പിയുമായ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ ജന്തര്‍മന്തിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമര വേദിയിൽ പൊലീസ് നടത്തിയ അതിക്രമത്തിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്. മദ്യപിച്ചെത്തിയ പൊലീസ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളിൽ ചിലരെ മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്ന് സമരക്കാര്‍ ആരോപിച്ചു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.
‘ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയത് ഇതൊക്കെ കാണാനാണോ? പൊലീസ് എല്ലാവയെും ഉന്തുകയും തള്ളുകയും ചെയ്തു. ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസ് ഞങ്ങളോട് പെരുമാറിയത്. വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ല. എന്നെ പുരുഷ പൊലീസുകാർ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. വനിതാ പൊലീസുകാർ എവിടെയായിരുന്നു? -ഫോഗട്ട് ചോദിച്ചു.
എന്റെ മെഡലുകളെല്ലാം തിരിച്ചെടുക്കാൻ ഞാൻ സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നാണ് ലോക റസ്‍ലിങ് ചാമ്പ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയ ബജ്റംഗ് പൂനിയ വികാരധീനനായി പറഞ്ഞത്.
ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തിറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.