ഹാങ്ചോ: നൂറു മെഡലുകളെന്ന അപൂർവ നേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ മെഡലുകളിൽ സെഞ്ച്വറിയടിക്കണമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ പോരാളികൾ അഭിമാനത്തോടെ നടന്നടുക്കുകയായിരുന്നു. കഴിഞ്ഞ തവണ 70 മെഡലുകളായിരുന്നു സമ്പാദ്യം. ഈ റെക്കോഡ് രണ്ടു ദിവസം മുമ്പ് മറികടന്നിരുന്നു. പിന്നീടുള്ള കാത്തിരിപ്പ് നൂറിന്റെ നിറവിലേക്കായിരുന്നു. നാളെ ഗെയിംസിന് കൊടിയിറങ്ങാനിരിക്കെ ഇന്ത്യയുടെ മത്സരങ്ങൾ ഇന്ന് അവസാനിക്കും. നിലവിൽ 96 മെഡലുകൾ പട്ടികയിൽ ചേർത്ത ഇന്ത്യക്ക് ആറ് മെഡലുകൾ ഉറപ്പായിട്ടുണ്ട്. അമ്പെയ്ത്തിൽ മൂന്നും പുരുഷ ക്രിക്കറ്റിൽ ഒന്നും കബഡിയിൽ രണ്ടും മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഈയിനങ്ങളുടെ ഫൈനൽ. അമ്പെയ്ത്തിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരങ്ങളായ അഭിഷേക് വർമയും പ്രവീൺ ഡീയോതലയും ഏറ്റുമുട്ടും.
സ്വർണവും വെള്ളിയും ഈയിനത്തിൽ ഉറപ്പായി. വനിതകളിൽ ജോതി സുരേഖ വെന്നവും ഇന്ന് ഫൈനൽ കളിക്കും. കബഡിയിൽ പുരുഷ, വനിത ടീമുകളും ഫൈനലിലെത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ അഫ്ഗാനിസ്താനെതിരെ ജയിച്ചാൽ മെഡൽനേട്ടത്തിന് സ്വർണത്തിളക്കമേറും. നാല് ഗുസ്തി താരങ്ങൾക് ശനിയാഴ്ച മെഡൽ സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ഗുസ്തിയിൽ സോനം സിങ് വെങ്കലം നേടിയതോടെ ഇന്ത്യൻ മെഡൽ നേട്ടം 91 ആയി ഉയർന്നിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒമ്പതു മെഡലുകൾ ഉറപ്പായതോടെയാണ് മൂന്നക്ക മെഡലുകളിലേക്ക് ചരിത്രമെഴുതാനായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ 20ൽ കൂടുതൽ സ്വർണം നേടുന്നത്. അത്ലറ്റിക്സാണ് ഹാങ്ചോയിൽ ഇന്ത്യക്ക് കൂടുതൽ മെഡലുകൾ സമ്മാനിച്ചത്. ആറു സ്വർണവും 14 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 29 പതക്കങ്ങൾ.
ഷൂട്ടിങ്ങിൽ 22 മെഡൽ. ഏഴു സ്വർണവും ഒമ്പതു വെള്ളിയും ആറു വെങ്കലവുമാണ് വെടിവെച്ചിട്ടത്. നാലു പതിറ്റാണ്ടിനുശേഷം അശ്വാഭ്യാസത്തിൽ സ്വർണം സ്വന്തമാക്കിയതും നേട്ടമായി. സ്റ്റീപ്ൾചേസിൽ അവിനാശ് സാബ്ലെയുടെ സ്വർണവും അഭിമാനപ്പതക്കമായിരുന്നു. സ്ക്വാഷ്, അമ്പെയ്ത്ത്, റോവിങ്, ബോക്സിങ് ഇനങ്ങളിൽ അഞ്ചു വീതം മെഡലുകളുണ്ട്. ബോക്സിങ്ങിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ഏറെ പ്രതീക്ഷിച്ച ഗുസ്തിയിൽ ഇത്തവണ തിളങ്ങാനായില്ല. ഗോൾഫിൽ ആദ്യമായി അദിതി അശോകിലൂടെ വെള്ളിയും ലഭിച്ചു. 2002ൽ ബുസാനിൽ വെറും 36 മെഡലുകളായിരുന്നു ഇന്ത്യ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.