ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ നൂറു മെഡലുകൾ എന്ന സ്വപ്നനേട്ടത്തിലേക്ക് കുതിക്കുന്ന ഇന്ത്യ 81ലെത്തി. 2018ൽ ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമായി 70 മെഡലുകൾ മറികടന്ന് കുതിച്ച ഇന്ത്യൻ താരങ്ങൾ ബുധനാഴ്ചമാത്രം 12 തവണയാണ് പോഡിയത്തിൽ കയറിയത്. മൂന്ന് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് 11ാം ദിവസത്തെ നേട്ടം. ഇതോടെ ഇന്ത്യൻ ഷെൽഫിൽ 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമായി. 2018ലെ 16 സ്വർണം എന്ന റെക്കോഡും ഇതോടെ പഴങ്കഥയായി.
അമ്പെയ്ത്തിൽ ഇത്തവണ മികച്ച നേട്ടം പ്രതീക്ഷിക്കുന്ന ഇന്ത്യ സ്വർണത്തോടെ തുടങ്ങി. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ ഓജസ് ദിയോടേൽ-ജ്യോതി സുരേഖ വെന്നം സഖ്യം ദക്ഷിണ കൊറിയയുടെ സോ ച്യാവോൻ-ജൂ ജെയ്ഹൂൻ ജോടിയെ തോൽപിച്ചാണ് സ്വർണം നേടിയത്. സ്കോർ: 159-158. പുരുഷ കോമ്പൗണ്ട് വ്യക്തിഗത മത്സരത്തിൽ ഓജസും അഭിഷേക് വർമയും ഫൈനലിലെത്തി. ഇരുവരും ഫൈനലിൽ ഏറ്റുമുട്ടുന്നതോടെ ഈ ഇനത്തിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് ലഭിക്കും. ജ്യോതി വനിത കോമ്പൗണ്ട് ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് നാലു മെഡൽ ഉറപ്പായി.
വനിത ബോക്സിങ് 75 കിലോയിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ലോക ചാമ്പ്യൻ ലവ് ലിന ബൊർഗോഹെയ്ന് ഫൈനലിൽ തോൽവി. ചൈനയുടെ ലി ക്വിയാനാണ് ലവ് ലിനയെ വീഴ്ത്തിയത്. വനിത 58 കിലോയിൽ ഇന്ത്യയുടെ പർവീൺ ഹൂഡ സെമി ഫൈനലിൽ തോറ്റതോടെ വെങ്കലം ലഭിച്ചു. ചൈനീസ് തായ്പേയിയുടെ ലിൻ യൂ ടിങ്ങിന് മുന്നിലാണ് പർവീൺ മുട്ടുമടക്കിയത്. ബോക്സിങ് മത്സരങ്ങൾ സമാപിച്ചപ്പോൾ ഇത്തവണ സ്വർണമില്ലെങ്കിലും ഒരു വെള്ളിയും നാല് വെങ്കലുവുമായി അഞ്ച് മെഡലുകളോടെയാണ് ഇന്ത്യയുടെ മടക്കം. കഴിഞ്ഞ തവണ ഓരോ സ്വർണവും വെള്ളിയുമായിരുന്നു നേട്ടം.
പുരുഷ സ്ക്വാഷിൽ സ്വർണം നേടിയ ഇന്ത്യ രണ്ട് ഇനങ്ങളിൽകൂടി ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് സെമിഫൈനലിൽ ഹോങ്കോങ്ങിന്റെ ഹെൻറി ലിയൂങ്ങിനെ 11-2, 11-2, 11-6ന് തോൽപിച്ച് സൗരിവ് ഘോഷാൽ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. മിക്സഡ് ഡബ്ൾസിൽ ദീപിക പള്ളിക്കൽ-ഹരീന്ദർ പാൽ സഖ്യവും ഫൈനലിലെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിന്റെതന്നെ ലീ കാ യി-വോങ് ചി ഹിം ജോടിയെ 7-11, 11-7, 11-9നാണ് പരാജയപ്പെടുത്തിയത്. മിക്സഡ് ഡബ്ൾസിൽ മറ്റൊരു സെമിയിൽ തോറ്റ അഭയ് സിങ്-അനാഹത് സിങ് സഖ്യം വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.