ചണ്ഡിഗഢ്: ഇന്ന് തുടങ്ങുന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ യോഗ്യത നേടിയാൽ 15 അത്ലറ്റുകളെക്കൂടി ഹാങ്ചോ ഏഷ്യൻ ഗെയിംസിന് അയക്കാൻ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ). 65 അത്ലറ്റുകളാണ് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്. ഇതിൽ പകുതിയോളം പേർ ഗ്രാൻപ്രീയിൽ പങ്കെടുക്കും. യോഗ്യത നേടുന്ന 15ഓളം പേർക്കുകൂടി ഏഷ്യൻ ഗെയിംസിന് അവസരമുണ്ടെന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദിൽ ജെ. സുമരിവാല പറഞ്ഞു. പുരുഷ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിൽ ഇടംനേടിയ ജാവലിൻ ത്രോ താരം കിഷോർ കുമാർ ജെന, ഷോട്ട്പുട്ട് താരം സാഹിബ് സിങ്, ജിൻസൺ ജോൺസൺ (1500 മീ.), മുഹമ്മദ് അഫ്സൽ (800 മീ.), യശസ് പാലമീ.ക്ഷ (400 മീ. ഹർഡിൽസ്), ജെസ്സി സന്ദേശ് (ഹൈജംപ്) എന്നിവർ ഗ്രാൻപ്രീയിൽ ഇറങ്ങും. 400 മീറ്ററിൽ ആരോക്യ രാജീവ്, രാജേഷ് രമേഷ്, നിഹാൽ ജോയൽ വില്യം, രാഹുൽ ബേബി, മിജോ ചാക്കോ കുര്യൻ, അമോജ് ജേക്കബ് എന്നിവരും മത്സരിക്കും.
ആൻസി സോജൻ (ലോങ്ജംപ്), മൻപ്രീത് കൗർ, കിരൺ ബല്യാൻ (ഷോട്ട്പുട്ട്), ആർ. വിത്യ രാംരാജ്, സിഞ്ചൽ കാവേരമ്മ (400 മീ. ഹർഡിൽസ്), ചന്ദ (800 മീ.), ഹർമിലൻസ് ബെയ്ൻസ് (1500 മീ.), തന്യ ചൗധരി, രചന കുമാരി (ഹാമർ ത്രോ), റുബീന യാദവ് (ഹൈജംപ്, എൻ.വി. ഷീന (ട്രിപ്ൾ ജംപ്), സീമ പുനിയ (ഡിസ്കസ് ത്രോ), ഹിമാൻഷി മാലിക്, ഫ്ലോറൻസ് ബർല, ജിസ്ന മാത്യു, ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ, സോണിയ ബൈശ്യ (400 മീ.) എന്നിവർ വനിതവിഭാഗത്തിൽ ചണ്ഡിഗഢിൽ മത്സരിക്കുന്ന പ്രമുഖ താരങ്ങളാണ്.
പുരുഷ, വനിത 4-100 മീ. റിലേ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ്. ജകാർത്ത ഏഷ്യൻ ഗെയിംസിനേക്കാൾ (എട്ട് സ്വർണം, ഒമ്പത് വെള്ളി, മൂന്ന് വെങ്കലം) മെഡലുകൾ ഇന്ത്യൻ സംഘം ഹാങ്ചോവിൽ നേടുമെന്ന് സുമരിവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.