ന്യൂഡൽഹി: കോവിഡ് ആശങ്കകളും ഇന്ത്യയിൽനിന്നുള്ള യാത്രക്കാരോട് കാണിക്കുന്ന വിവേചനകരമായ സമീപനങ്ങളും ചൂണ്ടിക്കാട്ടി അടുത്തവർഷം ബ്രിട്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യൻ പുരുഷ, വനിത ഹോക്കി ടീമുകൾ പിന്മാറി. ഹോക്കി ഇന്ത്യ പ്രസിഡൻറ് ഗ്യാനേന്ദ്രോ നിൻഗോംബം ആണ് ഇതുസംബന്ധിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബാത്രക്ക് കത്തയച്ചത്.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് അടുത്തമാസം ഭുവനേശ്വറിൽ നടക്കുന്ന ജൂനിയർ ലോകകപ്പിൽനിന്ന് ഇംഗ്ലണ്ട് ഹോക്കി ടീം കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതിനുപിറകെയാണ് ബ്രിട്ടനിൽ നടക്കുന്ന കളിയിൽനിന്ന് ഇന്ത്യയുടെ പിന്മാറ്റം.
2022 ജൂലൈ 28 മുതൽ ആഗസ്റ്റ് എട്ടു വരെ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിനുമിടയിൽ 32 ദിവസത്തെ ഇടവേള മാത്രമേയുള്ളൂവെന്നത് ഏറെ പ്രയാസകരമായ സാഹചര്യമാണെന്നും ഏഷ്യൻ ഗെയിംസിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കി കോമൺവെൽത്ത് ഗെയിംസിന് ടീമിനെ അയക്കാനാവില്ലെന്നും ഹോക്കി ഇന്ത്യ കത്തിൽ വ്യക്തമാക്കി.
ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടൻ മുഴുവൻ വാക്സിനുമെടുത്ത ഇന്ത്യക്കാർക്കും 10 ദിവസത്തെ കടുത്ത നിയന്ത്രണങ്ങളുള്ള സമ്പർക്ക വിലക്ക് നിർബന്ധമാക്കിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽപോലും ഇത്ര കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നില്ലെന്ന് ഹോക്കി ഇന്ത്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.