ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങൾ വ്യോമഗതാഗതം അവസാനിപ്പിച്ചതോടെ ഇന്ത്യൻ റിലേ ടീമിെൻറ പോളണ്ട് യാത്ര മുടങ്ങി.
മേയ് ഒന്നിനും രണ്ടിനുമായി പോളണ്ടിൽ നടക്കുന്ന വേൾഡ് അത്ലറ്റിക്സ് റിലേ മത്സരത്തിൽ പെങ്കടുക്കാനുള്ള അവസരമാണ് നഷ്ടമാവുന്നത്.
ഹിമ ദാസ്, ദ്യുതി ചന്ദ് ഉൾപ്പെടെയുള്ള മുൻനിര അത്ലറ്റുകൾക്ക് ഒളിമ്പിക് യോഗ്യത പോരാട്ടം കൂടിയാണിത്. വനിത വിഭാഗം 4x100 മീ, പുരുഷ വിഭാഗം 4x400 മീറ്റർ റിലേ ടീമുകൾ വ്യാഴാഴ്ച പുലർച്ച ഡൽഹിയിൽനിന്ന് ആംസ്റ്റർഡാം വഴി പോളണ്ടിലേക്ക് പുറപ്പെടാനായിരുന്നു തീരുമാനം.
എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് നെതർലൻഡ്സ് തിങ്കളാഴ്ചതന്നെ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിയതോടെ റിലേ ടീമിെൻറ തയാറെടുപ്പുകൾക്ക് തിരിച്ചടിയായി.
ദ്യുതിക്കും ഹിമക്കും പുറമെ എസ്. ധനലക്ഷ്മി, അർച്ചന സുശീന്ദ്രൻ, ഹിമശ്രീ റോയ്, എ.ടി. ധനേശ്വരി എന്നിവരാണ് വനിത ടീമിലെ മറ്റു താരങ്ങൾ. പുരുഷ ടീമിൽ മലയാളികളായ അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം എന്നിവർ ഉൾപ്പെടെ ഏഴു പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.