പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം എം. ശ്രീശങ്കർ. 8.09 മീറ്റർ ചാടി മൂന്നാമത്തെ ശ്രമത്തിലാണ് ശ്രീശങ്കർ വെങ്കലം മെഡൽ നേടിയത്.
ഡയമണ്ട് ലീഗിൽ ജംപ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. വികാസ് ഗൗഡയും നീരജ് ചോപ്രയും ഡയമണ്ട് ലീഗ് ത്രോ ഇനത്തിൽ മുമ്പ് മെഡൽ നേടിയിരുന്നു. ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്.
മൂന്നാം ശ്രമത്തിന് ശേഷം ശ്രീശങ്കർ ആയിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിലെ ഒളിമ്പിക് ജേതാവായ ഗ്രീക്ക് താരവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ സ്വിസ് താരവും ശ്രീശങ്കറെ മറികടന്ന് മുമ്പിലെത്തി.
ലോക് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബേബി ജോർജ് മെഡൽ നേടിയ ശേഷം രാജ്യാന്തര മത്സരത്തിൽ നേട്ടം കൈവരിക്കുന്ന മലയാളിയാണ് ശ്രീശങ്കർ. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പിലായ ശ്രീശങ്കർ, ഇന്‍റർ സ്റ്റേറ്റ് മീറ്റിനായി ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും.
2022ൽ മൊണാക്കോയിൽ 7.94 മീറ്റർ ചാടി ആറാം സ്ഥാനത്തെത്തിയാണ് ശ്രീശങ്കർ ഡയമണ്ട് ലീഗിൽ അരങ്ങേറ്റം കുറിച്ചത്. 2022ൽ യു.കെയിലെ ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. യു.എസിലെ യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ ഏഴാം സ്ഥാനത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.